പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ കടകൾ കേന്ദ്രീകരിച്ചു വിതരണത്തിനു കൊണ്ടുവന്ന വൻ പുകയിലെ ലഹരി ഉത്പന്നം പിടികൂടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശികളായ പയ്യനടം പുതുവച്ചോല അബ്ദുൾ അസീസ്(38), പുതുവച്ചോല നൗഷാദ്(44), കൊടുവള്ളിക്കുന്ന് പടിഞ്ഞാറ്റിൽ സുബൈർ(40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 20 ചാക്ക് ഹാൻസ് ആണ് പിടിച്ചത്. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഉത്പന്നമാണിതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ. ടി.എസ്. ബിനു, എസ്ഐ മഞ്ജിത്ത്ലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ നിന്നാണ് വാഹനം സഹിതം ഇവരെ പിടികൂടിയത്. ലഹരി ഉത്പന്നം കർണാടകയിൽ നിന്നു ജില്ലയിലേക്ക് വരുന്ന പച്ചക്കറി ലോറികളിൽ ഒളിപ്പിച്ചുകടത്തി പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ എത്തിക്കും. ആവശ്യക്കാർക്ക് വാഹനങ്ങളിൽ അതതു സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
കാറിന്റെ പിൻഭാഗം പ്രത്യേകമായി സജ്ജീകരിച്ച് ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചാണ് കൊണ്ടുവന്നിരുന്നത്. ഇത്തരം സംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായും അവർ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ടൗണ്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സി.പി.മുരളി, എൻ.ടി.കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, എം.മനോജ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.