ശ്രീകണ്ഠപുരം(കണ്ണൂർ): വളക്കൈയിൽ 300 പായ്ക്കറ്റ് പാൻമസാലയുമായി 2 പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് രാമപൂർ ലാലാ നഗറിലെ തേജ് മണി (28), ഒഡീഷ ജയ്പൂർ വാണിയപാൽ സ്വദേശി അഭയ് ബഹ്റ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ വളക്കൈ അംബേദ്കർ കോളനിയിലെ ഇവരുടെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു.
വീടിനുള്ളിൽ നിലത്ത് പ്രത്യേകം തയാറാക്കിയ അറയിൽ സൂക്ഷിച്ചിരുന്ന പാൻമസാല കസ്റ്റഡിയിലെടുത്തു. ഏജന്റ് മുഖേന മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കണ്ണൂരിലെത്തിക്കുന്ന പുകയില ഉല്പന്നങ്ങൾ ഇവർ തന്നെയാണ് വളക്കൈയിലെ വീട്ടിലെത്തിക്കുന്നത്. ചെങ്കൽത്തൊഴിലാളികളായ ഇരുവരും മലയോര മേഖലയിലെ കടകളിൽ ഹോൾസെയിലായി പാൻമസാല വിൽപന നടത്തുകയാണ് ചെയ്യുന്നത്.