പയ്യന്നൂര്‍:കരിവെള്ളൂര്‍ പാലത്തരയില്‍ വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. പുകയില ഉല്പന്നങ്ങള് കൊണ്ടുവന്ന നീലേശ്വരം പള്ളിക്കരയിലെ കെ.പ്രകാശ് ഭട്ട് (50), ഓട്ടോ ഡ്രൈവര്‍ തിരുമേനി പ്രാപ്പൊയിലിലെ പരവേലില്‍ മേപ്പുറത്ത് അജേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ ഏഴോടെ കരിവെള്ളൂര്‍ പാലത്തര പഴയ പാലത്തിന് സമീപം വെച്ച് നാട്ടുകാരാണ് ഇവരെ പിടികൂടിയത്. മംഗലാപുരത്ത്നിന്നും പച്ചക്കറി സാധനങ്ങള്‍ കയറ്റിവന്ന ലോറിയിലാണ് പുകയില ഉല്പന്നങ്ങള് കൊണ്ടുന്നത്. പാലത്തരയില്‍ നിര്‍ത്തിയ ലോറിയില്‍നിന്നും ഇറക്കിയ ചാക്കുകള്‍ ഓട്ടോറിക്ഷയിലേക്ക് മാറ്റിക്കയറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംശയം തോന്നി ചാക്കുകള്‍ പരിശോധിച്ചത്.ഇവിടെ ലോറി നിര്‍ത്തി ചാക്കുകള്‍ മാറ്റികയറ്റുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
നിരോധിത പുകയില ഉല്പന്നങ്ങളാണെന്ന് മനസിലായതോടെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തുമ്പോഴേക്കും ലോറിക്കാര് തന്ത്രപൂര്‍വ്വം സ്ഥലം വിട്ടിരുന്നു.ഈ ലോറിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നും ആറ് വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ചിരുന്ന ഹാന്‍സ്,കൂള്‍ തുടങ്ങിയ വിവിധയിനം നിരോധിത പുകയില ഉല്പന്നങ്ങളുമായാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.പയ്യന്നൂര്‍, മാതമംഗലം ഭാഗങ്ങളിലെ കടകളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണിതെന്ന് പ്രകാശ് ഭട്ട് പോലീസിനോട് പറഞ്ഞു.ഏകദേശം ഒരുലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.