കൊല്ലം: കടയ്ക്കൽ – കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിലെ ഷെഡിൽ നിന്ന് 700 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കൾ പിടികൂടി.
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്യത്തിലുള്ള സംഘം ഇന്നലെ രാത്രി 12 ന് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ലഹരി വസ്തുക്കൾക്ക് വിപണിയിൽ 10 ലക്ഷം രൂപ വില വരും.
കടയ്ക്കൽ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർമാർക്കറ്റ്. സിയാദിനെതിരേ മുൻപും സമാന കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിയാദിനെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് പിടികൂടിയ ലഹരി വസ്തുക്കൾ.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരി വസ്തുക്കളാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, കെ.ജി. ജയേഷ്, ശ്രേയസ് ഉമേഷ് എന്നിവരും പങ്കെടുത്തു.