കോട്ടയം: പാന്പാടിയിൽ വൻ ഹാൻസ് വേട്ട. ആറു ലക്ഷത്തിലധികം രൂപ വിലവരുന്ന 14 ചാക്ക് ഹാൻസ് പിടികൂടി.
മൂന്നു പേരെ അറസ്റ്റു ചെയ്തു. ഹാൻസ് കൊണ്ടുവന്ന കാർ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ പേർ ഉടൻ പിടിയിലാകും. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരികയായിരുന്നു.
പിടിയിലായവർ മൊത്ത കച്ചവടക്കാരാണ്. നാർക്കോട്ടിക് ഡിവൈഎസ്പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ, പാന്പാടി സിഐ യു.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു രാവിലെ പാന്പാടി ഭാഗത്തു വച്ചാണ് ഹാൻസുമായി വന്നവരെ പിടികൂടിയത്.
ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഹാൻസ് കച്ചവടക്കാർ വലയിലായത്. ഇല്ലിക്കൽ സ്വദേശി റിയാസ് (32), ഒറ്റപ്പാലം സ്വദേശി നഫ്സൽ (23), ഈരാറ്റുപേട്ട സ്വദേശി തഹൽ സലിം (26) എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
ഹാൻസ് കൊണ്ടുവന്ന സൈലോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്ന് ഹാൻസ് കേരളത്തിൽ എത്തിക്കുന്ന വൻ സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. ഇവരുടെ കൂട്ടാളികളെ പോലീസ് തെരയുന്നു. കോട്ടയത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഹാൻസ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി പോലീസ് ഇവർക്കു വേണ്ടി വലവിരിച്ചു കാത്തിരിക്കുകയായിരുന്നു.
വേഷം മാറിയും മറ്റും ചെറുകിട ഹാൻസ് വില്പനക്കാരെ സമീപിച്ച് വൻകിടക്കാരുടെ വിവരങ്ങൾ ചോർത്തി. ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ നൗഷാദ്, റിച്ചാർഡ്, നവാസ്, സാജു, പാന്പാടി സ്റ്റേഷനിലെ പോലീസുകാരായ ഫെർണാണ്ടസ്, സന്തോഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.