ചാലക്കുടി: കഞ്ഞിക്കടയുടെ മറവിൽ ഹാൻസ് വിറ്റുകൊണ്ടിരുന്ന കട ഉടമ പോലീസ് പിടിയിലായി. ചാലക്കുടി സുഭാഷ് നഗറിൽ കണക്കശേരി സജീവനെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തത്.ഇയാളുടെ കഞ്ഞികടയിലും, വീട്ടിലും സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് ഹാൻസ് പോലീസ് പിടിച്ചെടുത്തു.
നേരത്തെ നാലുതവണ ഹാൻസ് വില്പന നടത്തിയതിന് അറസ്റ്റിലായിട്ടുള്ള സജീവനെ ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.സൗത്ത് ജംഗ്ഷനിൽ ഫ്ളൈഓവറിനു എതിർവശമുള്ള കഞ്ഞികടയിലാണ് ഹാൻസ് വില്പന നടത്തിയിരുന്നത്.
10 രൂപ വിലയുള്ള ഒരു പാക്കറ്റ് 40 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽനിന്നും ആഴ്ചയിൽ ഒരു ചാക്ക് ഹാൻസാണ് കൊണ്ടുവന്നിരുന്നത്. ഒരുമാസം ഒന്നേകാൽ ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സീനിയർ സിപിഒ എം.ഒ.സാജു, സിപിഒമാരായ പി.എം.മൂസ, ഷിജൊ തോമസ്, മഹേഷ്, ഹോംഗാർഡ് ബാബു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.