ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരണവും വില്പനയും വ്യാപകമാകുന്നതായി പരാതി.പാൻ മസാല പോലെയുള്ള പുകയില ഉല്പന്നങ്ങൾ താലൂക്കിലെ ഒട്ടുമിക്ക പെട്ടിക്കടകളിലും ചില ബേക്കറികളിലും സുലഭമായി വിൽക്കപ്പെടുന്നതായും സൂചനയുണ്ട്.നിരോധനത്തിന് മുമ്പ് 20 രൂപ മാത്രം വിലയുണ്ടായിരുന്ന ഒരു കവർ പാൻ മസാലയ്ക്ക് ഇപ്പോൾ ഈടാക്കുന്നത് 40 മുതൽ 60 രൂപവരെയാണ്.സ്ഥിരം ഉപഭോക്താക്കൾക്കും പരിചയക്കാർക്കും മാത്രം രഹസ്യമായാണ് ഇവ വിൽക്കപ്പെടുന്നത്.
തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ.സിനിമാപറമ്പ് ജംഗ്ഷനിൽ ബസ് നിർത്തി ജീവനക്കാർ ഓടിയിറങ്ങി പെട്ടിക്കടകളിൽ നിന്നും പൊതി വാങ്ങുന്നത് പതിവാണെന്ന് പറയപ്പെടുന്നു.തുടർന്ന് യാത്രക്കാരുടെ മുമ്പിൽ വച്ച് പരസ്യമായാണ് ഉപയോഗം.മിക്ക സ്വകാര്യ ബസുകളിലെയും ജീവനക്കാർ പാൻമസാലകൾ പരസ്യമായി ഉപയോഗിക്കാറുള്ളതായാണ് വിവരം.
വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളും പതിവ് കസ്റ്റമേഴ്സാണ്. സിനിമാപറമ്പ്,ഏഴാംമൈൽ, ചക്കുവള്ളി,മൈനാഗപ്പള്ളി,ശൂരനാട്, ഭരണിക്കാവ്,കുന്നത്തൂർ,ഇടയ്ക്കാട്, ശാസ്താംനട, പതാരം, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിൽപ്പന തകൃതിയാണ്.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വീടുകളിൽ ശേഖരിച്ച് വിൽപ്പന നടത്തുന്നവരും കുറവല്ല. ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അടുത്തിടെ നിരവധിയാളുകൾ ഇത്തരത്തിൽ പിടിക്കപ്പെട്ടിരുന്നു.രഹസ്യ വിവരത്തെ തുടർന്നാണ് പലപ്പോഴും ഇത്തരമാളുകൾ അറസ്റ്റിലാകുന്നത്.ഏതാനും ആഴ്ചകൾക്കു മുമ്പ് ശാസ്താംനടയിൽ വച്ച് കാറിൽ കൊണ്ടുവന്ന ചാക്കു കണക്കിന് പുകയില ഉൽപ്പന്നങ്ങൾ കൈമാറുന്നതിനിടയിൽ പോരുവഴി കമ്പലടി സുൽഫി മൻസിലിൽ ഷിനോജി(25)നെ പോലീസ് പിടികൂടിയിരുന്നു.1790 പായ്ക്കറ്റ് ശംഭു,കൂൾ എന്നീ പുകയില ഉൽപ്പന്നങ്ങളാണ് മറ്റൊരു കാറിലെത്തിയ ആൾക്ക് കൈമാറാൻ ശ്രമിക്കവേ പിടികൂടിയത്.
ശൂരനാട്ട് വീടുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതും അടുത്തിടെയാണ്.ശൂരനാട് വടക്ക് പുലിക്കുളം ജിതിൻ ഭവനത്തിൽ ഓമനക്കുട്ടന്റെയും ശൂരനാട് തെക്ക് ഇഞ്ചക്കാട് പുത്തൻപുരയിൽ ബാബുരാജൻ പിള്ള(52) യുടെ വീടുകളിൽ നിന്നുമാണ് പാൻമസാലശേഖരം ശൂരനാട് പോലീസ് പിടികൂടിയത്.ഇവ ചെറുകിട കച്ചവടക്കാർക്കു നൽകുന്നതിനു വേണ്ടി വീടുകളിൽ സൂക്ഷിച്ചിരുന്നതാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൻമസാല പിടികൂടാനായത്.
ഓമനക്കുട്ടന്റെ വീട്ടിൽ നിന്നും 398 പായ്ക്കറ്റും ബാബുരാജൻപിള്ളയുടെ വീട്ടിൽ നിന്നും 304 പാക്കറ്റും പാൻമസാലയാണ് കണ്ടെത്തിയത്.അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകളിൽ ഇവയുടെ വൻശേഖരം തന്നെ ഉള്ളതായാണ് വിവരം.പൊലീസും എക്സൈസ് വകുപ്പും കാര്യമായ പരിശോധനകൾ നടത്താത്തതാണ് താലൂക്കിലെ മുക്കിലും മൂലയിലും വരെ പാൻ മസാല വിൽക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.