പയ്യന്നൂര്‍: സൈക്കിള്‍ ഷോപ്പിന്റെ മറവില്‍ വ്യാപകമായി നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന നടത്തിയ ആൾ എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. പാലക്കോട് സൈക്കിള്‍ ഷോപ്പ് നടത്തിവന്ന ടി.കെ.അബ്ദുള്‍ ഹമീദാണ് പിടിയിലായത്.
ഇയാളില്‍നിന്നും 22 കിലോ നിരോധിത പുകയില ഉല്പന്നങ്ങളാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണ്ണൂരിൽ നിന്നെത്തിയ എക്സൈസ് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.ആദ്യപരിശോധനയില്‍ കടയില്‍ പ്ലാസ്റ്റിക്ക് ചാക്കിലായി ഒളിപ്പിച്ച് വെച്ചിരുന്ന പുകയില ഉല്പന്നങ്ങള് സംഘം പിടികൂടി.
ഇവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ കൂടുതല്‍ പായ്ക്കറ്റുകള്‍ കാണണമെന്നതിനാല്‍ പരിശോധനകള്‍ തുടര്‍ന്നിട്ടും ഒന്നും കിട്ടിയില്ല.ഒടുവില്‍ കാറ്റ് നിറച്ച് വെച്ചിരുന്ന ലോറിയുടെ ടയര്‍ അഴിച്ചപ്പോഴാണ് അതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്.
മുന്‍പ് പലതവണ ഇയാളെ നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടികൂടി കേസെടുത്തിരുന്നു. നിരോധിത പുകയില ഉല്പന്നങ്ങളില് അമിതലാഭമെടുക്കാന് കഴിയുന്നതാണ് വീണ്ടും വില്പന തുടരാനുള്ള കാരണം.