പന്തക്കൽ: മാഹിയുടെ അതിർത്തി പ്രദേശമായ പന്തക്കൽ, മാക്കുനി ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്ന വില്പന വ്യാപകമായതായി പരാതി ഉയർന്നതിനെ തുടർന്ന് ചൊവാഴ്ച്ച രാത്രി മാക്കുനിയിലെ കോഴിക്കട അടക്കമുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മാഹി പോലിസ് സൂപ്രണ്ട് സി.എച്ച്.രാധാകൃഷ്ണ, സർക്കിൾ ഇൻസ്പെക്ടർ എ.ഷൺമുഖം ,പള്ളൂർ എസ്ഐ സെന്തിൽകുമാർ, പന്തക്കൽ എസ്ഐ ഷൺമുഖം എന്നിവരടങ്ങിയ സംഘം മിന്നൽ പരിശോധന നടത്തി.
ആയില്യം സ്റ്റോർ ഉടമ ശശി, കടയിലെ ജീവനക്കാരൻ ഈസ്റ്റ് പള്ളൂരിലെ കണ്ടോത്ത് ങ്കണ്ടി നിഖിൽ എന്നിവരെ പള്ളുർ പോലീസ് അറസ്റ്റ് ചെയ്തു.ശശിയുടെ കടയിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളായ കൂൾലിപ്പ്, ഹൻസ് എന്നിവയുടെ ശേഖരം കണ്ടെടുത്തു.
മറ്റു രണ്ട് വ്യാപാരികളെയും കസ്റ്റഡിയിലെടുത്തെങ്കിലും പുകയില ഉത്പന്നങ്ങൾ കണ്ടെത്താത്തതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു. അറസ്റ്റിലായവരെ ഇന്ന് മാഹി കോടതിയിൽ ഹാജരാക്കുമെന്ന് പ ള്ളൂർ പോലിസ് പറഞ്ഞു. മാഹി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
പുകയില ഉത്പന്നങ്ങൾ വില്പനയ്ക്ക് സൂക്ഷിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി സി.എച്ച്.രാധാക്യഷ്ണ പറഞ്ഞു. ലൈസൻസ് റദ്ദ് ചെയ്യന്നതടക്കമുള്ള കാര്യങ്ങൾ മാഹി നഗരസഭ കമ്മീഷണറുമായി കൂടിയാലോചിക്കുമെന്നും എസ്പി വ്യക്തമാക്കി.