കൊല്ലം : ഓച്ചിറ വവ്വാക്കാവിലുള്ള ഒരു വ്യാപാരസ്ഥാപനത്തിൽനിന്ന് 60 ചാക്ക് പാൻ പരാഗ് ഓച്ചിറ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. കട ബലമായി തുറപ്പിച്ചാണ് പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനത്തിൽ ഉണ്ടായിരുന്ന ആസാം സ്വദേശി ഗിയാസുദിനെ പോലീസ് അറസ്റ്റുചെയ്തു. പാൻപരാഗ് വൻതോതിൽ ജില്ലയിലെത്തിച്ച് വിൽപ്പന നടത്തിവന്ന മൊത്തവിതരണസ്ഥാപനമാണ് ഇതെന്നാണ് പോലീസിന് ലഭിച്ച വിവരം.
വ്യാപാരസ്ഥാപനം അടച്ചുപൂട്ടി. കടയുടമ ഒളിവിലാണ്. ഇതരസംസ്ഥാന തൊഴിലാളിയായ ഗിയാസുദീൻ ചാക്ക് കണക്കിന് പാൻപരാഗ് ഇവിടെ എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിവരികയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും പാൻപരാഗ് വിൽപ്പന നടത്തിവന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപിയുടെ നിർദേശാനുസരണമാണ് വ്യാപാരസ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.