കോഴിക്കോട്ടുനിന്ന് കാമുകനൊപ്പം നാടുവിട്ട ഹനിഷ ഷെറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. കസ്റ്റഡിയിലുള്ള കാമുകന്‍ അഭിരാമിനെ ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നല്കുന്നത്. ട്രെയിനില്‍ നിന്ന് വീണെന്നാണ് അഭിരാം ആദ്യം മുതല്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ ബോധപൂര്‍വം കള്ളം പറയുന്നുവെന്നാണ് പോലീസ് നിരീക്ഷണം. അതേസമയം ഹനിഷയെ ആശുപത്രിയിലെത്തിച്ചത് ചുമലില്‍ ചുമന്നുകൊണ്ടാണെന്ന് ഇയാള്‍ വ്യക്തമാക്കി.
ഹനിഷയെ പ്രവേശിപ്പിച്ചപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് അധികൃതരോട് പറഞ്ഞത് ബൈക്കില്‍നിന്ന് വീണെന്നാണ്. ഹനിഷയെ തോളില്‍ ചുമന്നുകൊണ്ടുപോവുന്നതിനിടെ റെയില്‍പാളത്തിന് സമീപം കല്ലംപാളയത്തെ വീട്ടുകാരോട് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീണതാണെന്നാണ് അഭിരാം അറിയിച്ചിരുന്നത്. മുഖംകഴുകാന്‍ പോയ ഹനിഷ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണെന്നാണ് മൊഴിയില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ വേണ്ടി യുവാവ് ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോയെന്ന അന്വേഷണത്തിലാണിപ്പോള്‍ തിരുപ്പൂര്‍ നോര്‍ത്ത് പൊലീസും കസബ പൊലീസും. സംഭവം നടന്നത് തിരുപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാണെങ്കിലും ട്രെയിനില്‍ നിന്നുമുള്ള മരണമായതിനാല്‍ ആര്‍പിഎഫിനാണ് അന്വേഷണച്ചുമതലയെന്ന നിലപാടിലാണ് തിരുപ്പൂര്‍ പോലീസ്.
പെണ്‍കുട്ടി മരിച്ചശേഷം അഭിരാം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയിരുന്നു. ഇയാളെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രപറമ്പില്‍വച്ച് കസബ പോലീസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്നും രണ്ടാഴ്ച മുമ്പാണ് ഹനിഷ ഷെറിനെ കാണാതായത്. ഇക്കഴിഞ്ഞ 18 ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തിരുപ്പൂരിലെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.