ശങ്കർ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയിൽ ഹൻസിക പ്രധാന വേഷത്തിൽ എത്തുമെന്ന് സൂചന. നേരത്തേ ശ്രുതി ഹാസൻ ടൈറ്റിൽ റോളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം താരം പിൻമാറുകയായിരുന്നു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഏറെ പ്രതീക്ഷ നൽകിയ കഥാപാത്രത്തിൽ നിന്ന് ശ്രുതി പിൻമാറിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജയം രവി, ആര്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവംബർ ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. സാബു സിറിൾ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എആർ റഹ്മാൻ സംഗീതം നൽകും. നായികയായി ആദ്യം തെരഞ്ഞെടുത്ത ശ്രുതി സിനിമയ്ക്കായി കുതിര സവാരി വരെ പഠിച്ചിരുന്നു.
ശ്രുതിയുടെ ചിത്രം വച്ചു കൊണ്ടുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു. അതിനിടയിലാണ് ശ്രുതി സിനിമയിൽ നിന്നു മാറിയെന്നും ശ്രുതിയെ സിനിമയിൽ നിന്നു പുറത്താക്കിയെന്നും വാർത്ത വന്നത്. ശ്രുതിയുടെ പിന്മാറ്റത്തിന് ശേഷം സംഘമിത്രയിൽ നായികയായി അഭിനയിക്കാൻ പോവുന്നത് നയൻതാരയാണെന്ന്് തമിഴ് മാധ്യമങ്ങളിൽ വാർത്തവന്നു. നയൻതാര സിനിമയിലേക്കെത്തുന്നു എന്ന കാര്യത്തിൽ ഒൗദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിരുന്നില്ല.
അതിനാൽ തന്നെ നയൻസ് സിനിമയുടെ ഭാഗമാണെന്നുള്ള വാർത്തകൾ പിന്നീട് തലപൊക്കിയിരുന്നില്ല. അതിനു ശേഷമാണ് ഹൻസിക നായികയാകുന്നുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത് എ ഡി എട്ടാം നൂറ്റാണ്ടിലെ ചരിത്രത്തെ ഉൾപ്പെടുത്തിയാണ് സിനിമ തയ്യാറാക്കുന്നത്. 250 കോടി ചെലവിട്ടാണ് സംഘമിത്രയുടെ നിർമാണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലുള്ളത്.