ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രമായ വില്ലനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ഹൻസിക മോട്വാണി. ഹൻസിക ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിൽ വേഷമിടുന്നത്. അല്ലു അർജുൻ ചിത്രമായ ദേശമുദ്രുവിലൂടെയാണ് ഹൻസിക സിനിമയിലേക്ക് കടന്നുവന്നത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ മിന്നും താരമായ അല്ലു അർജുനോടൊപ്പം തുടങ്ങിയ അഭിനയ ജീവിതത്തിന് പത്തു വർഷം തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. വില്ലൻ, പ്രഭുദേവയുടെ പുതിയ സിനിമ തുടങ്ങിയ ചിത്രങ്ങളിലാണ് മുഴുവൻ പ്രതീക്ഷയുമെന്ന് താരം പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൻസിക കാര്യങ്ങൾ പങ്കുവച്ചത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മലയാള സിനിമയിൽ വേഷമിടണമെന്ന് അമ്മ പറയുമായിരുന്നു. ആ ആഗ്രഹം മനസിലുള്ളപ്പോഴാണ് തിരക്കഥയുമായി ബി. ഉണ്ണികൃഷ്ണൻ സമീപിച്ചത്. അടുത്ത കാലത്ത് കേട്ട സ്ക്രിപ്റ്റുകളിൽ മികച്ച ഒന്നായിരുന്നു ഇത്. അതാണ് ഈ സിനിമ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പൊതുവെ മലയാളം പഠിക്കാൻ വളരെയധികം പ്രയാസമാണെന്നാണ് അന്യഭാഷാ താരങ്ങൾ അഭിപ്രായപ്പെടുന്നത്.
ഇക്കാര്യം മനസിൽ വെച്ചു കൊണ്ടു തന്നെയാണ് ഞാനും സെറ്റിലെത്തിയത്. എന്നാൽ സംവിധായകനെപ്പോലും അന്പരപ്പിച്ച് വളരെ പെട്ടെന്നു തന്നെ ഞാൻ മലയാളം സ്വായത്തമാക്കി. വില്ലനിലെത്തുന്നതിന് മുൻപു തന്നെ മോഹൻലാലിനെ അറിയും. ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചപ്പോൾ ലഭിച്ചത്. ഷോട്ട് പൂർത്തിയാക്കുന്നതിനായി അദ്ദേഹം നന്നായി പിന്തുണച്ചിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമുള്ള ചില കാര്യങ്ങൾ ഉണ്ടായിരുന്നു. പെയിന്റിങ്ങ് എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തിനാവട്ടെ പെയിന്റിങ്ങ് വാങ്ങി സൂക്ഷിക്കാൻ ഇഷ്ടമാണ്- ഹൻസിക പറയുന്നു.