പ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം നേടി നടന് കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണകുമാര്‍. ഐസിഎസ്ഇ സിലബസില്‍ ആയിരുന്നു പഠനം.
പ്ലസ്ടുവിന് ഹന്‍സികയ്ക്ക് ലഭിച്ചത് 78 ശതമാനമാണ്. ഇംഗ്ലീഷിന് 92 ശതമാനം മാര്‍ക്കാണ് ഹന്‍സിക നേടിയത്.
തനിക്കു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും തോല്‍ക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹന്‍സിക പറയുന്നു. പ്ലസ് ടുവിന് കൊമേഴ്സ് ആയിരുന്നു ഐച്ഛിക വിഷയം.
തന്റെ യൂട്യൂബ് വ്ളോഗിലൂടെയാണ് ഹന്‍സിക വിജയം അറിയിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് ഹന്‍സികയും മൂത്ത സഹോദരിമാരും പഠനം പൂര്‍ത്തിയാക്കിയത്.
പഠനത്തില്‍ തനിക്ക് സര്‍വവും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന ചെറിയ വിഷമം ഹന്‍സിക പറയാതെയിരുന്നില്ല. ”എനിക്ക് ഇത്ര മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല.
ചിലപ്പോള്‍ നമ്മള് പ്രതീക്ഷിച്ച മാര്‍ക്കിനേക്കാള്‍ കുറവാണ് കിട്ടുന്നതെങ്കില്‍ ഒരുപാട് വിഷമം വരും. അതില്‍ കൂടുതലാണെങ്കില്‍ സന്തോഷവും.
പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ ശേഷം ഞാന്‍ കരഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു.
പക്ഷേ ആ പരീക്ഷ അതികഠിനമായിരുന്നു. റിസല്‍ട്ട് വരുന്ന സമയത്ത് ഭയങ്കര ടെന്‍ഷനായിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമെന്നു പോലും വിചാരിച്ചു.
കാരണം എനിക്ക് വിചാരിച്ചത്ര നല്കാന് കഴിഞ്ഞിട്ടില്ല. 78 ശതമാനം മാര്‍ക്ക് ആണ് ആകെ എനിക്ക് ലഭിച്ചത്. ഇംഗ്ലിഷിനാണ് കൂടുതല്‍, 92 ശതമാനം”. ഹന്‍സിക പറഞ്ഞു.
എന്നാല്‍ സ്കൂള്‍ പരീക്ഷയിലെ മാര്‍ക്ക് ജീവിതത്തിലെ അവസാനത്തേതല്ല എന്ന ബോധ്യവുമുണ്ട് ഹന്‍സികയ്ക്ക്.
സ്കൂള്‍ കാലഘട്ടം കഴിഞ്ഞതില്‍ വിഷമമുണ്ടെന്നും ആനുവല്‍ ഡേയും സ്പോര്‍ട്സ് ഡേയും യൂത്ത് ഫെസ്റ്റിവലും ഒക്കെ ഇനിയില്ല എന്നതില്‍ സങ്കടമുണ്ടെന്നും ഹന്‍സിക പറഞ്ഞു.
മകളുടെ സ്കൂളിലെ അവസാന ദിവസത്തെ വിശേഷം സിന്ധു കൃഷ്ണ മനസ്സില്‍ തൊടുന്ന പോസ്റ്റില്‍ പങ്കിട്ടിരുന്നു.
വീട്ടിലെ അവസാന സ്കൂള്‍ കുട്ടിയും പഠനം പൂര്‍ത്തിയാക്കുന്നതിന്റെ വൈകാരികതയാണ് സിന്ധുവിന്റെ വാക്കുകളില്‍ നിറഞ്ഞത്.
മുമ്പ് ‘ലൂക്ക’ എന്ന സിനിമയില്‍ ഹന്‍സിക അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഹന്‍സിക സജീവമാണ്.