ചതിച്ചത് സോഷ്യല്‍മീഡിയ! സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്ക് നേടിയ ഹന്‍സിക ശുക്ല, തനിക്ക് നഷ്ടമായ ഒരു മാര്‍ക്കിന് കാരണമായി പറയുന്നതിങ്ങനെ

സി.ബി.എസ്.ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ്. ഇംഗ്ലീഷിന് ഒരു മാര്‍ക്ക് നഷ്ടമായെന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്ത കേട്ടവരെല്ലാം ഒന്നടങ്കം ചോദിച്ചു, ആ ഒരു മാര്‍ക്ക് എവിടെപ്പോയി, അത് കണ്ണ് കിട്ടാതിരിക്കാന്‍ ടീച്ചര്‍മാര്‍ മനപൂര്‍വം കുറച്ചതായിരിക്കുമോ എന്നെല്ലാം.

എന്നാല്‍ ആ ഒരു മാര്‍ക്ക് എവിടെ പോയി എന്നതിന് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്, ഹന്‍സിക. സ്വന്തമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ എന്നാണ്.

ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹന്‍സികക്ക് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്കാണ് ലഭിച്ചത്. ലേഡി ശ്രീരാം കോളജില്‍ സൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുള്ള ഹന്‍സികയുടെ സ്വപ്നം സിവില്‍ സര്‍വീസ് ആണ്. ഐ.എ.എസ് അല്ലെങ്കില്‍ ഐ.എഫ്.എസ് എന്ന ലക്ഷ്യം കൈവരിച്ച് രാജ്യത്തെ സേവിക്കാനാണ് താല്‍പര്യം എന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

ട്യൂഷനോ മറ്റൊരുവിധ ക്ലാസിനും പോകാതെ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയത്തില്‍ 17 കാരിയായ ഹന്‍സികക്ക് നന്ദി പറയാനുള്ളത് തന്റെ മാതാപിതാക്കളോടും അധ്യാപകരോടുമാണ്. ഹന്‍സികയുടെ പിതാവ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനും മാതാവ് ഡല്‍ഹി കോളജ് അധ്യാപികയുമാണ്.

Related posts