പത്തനംതിട്ട: മെഴുവേലി ബാങ്ക് കവര്‍ച്ചക്കേസിലെ ഒന്നാം പ്രതിയെ നിരോധിത പുകയില ഉത്പന്നമായ മൂന്ന് ചാക്ക് ഹാന്‍സ് പാക്കറ്റുമായി ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുണ്ടുപറമ്പില്‍ ബിനു(46) വാണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാളുടെ ആലക്കോടുള്ള വീടിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന കെഎൽ – 26 – എച്ച് – 8982 നന്പർ ആൾട്ടോ കാറില്‍ നിന്നും ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. 2011 ലെ ബാങ്ക് കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയാണ് ബിനു. ഈ കേസില്‍ ജാമ്യത്തിലാണ് ഇയാള്‍.
ലഹരിപദാര്‍ഥങ്ങളുടെ വ്യാപനവും ഉപയോഗവും തടയുന്നത് ലക്ഷ്യമാക്കി ജില്ലയില്‍ ശക്തമായ നടപടികള്‍ക്ക് ജില്ലാ പോലീസ് പോലീസ് മേധാവി ജി. ജയ്ദേവ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ബിനു വലയിലായത്. ഇലവുംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപന് രാത്രിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പ്രതിയെ ഹാന്‍സ് ഉള്‍പ്പെടെ പിടികൂടുകയായിരുന്നു.
ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര് ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീമിന്റെ സഹായത്തോടെ നിരന്തര നിരീക്ഷണത്തിലായിരുന്ന ബിനുവിനെ കുടുക്കിയ സംഘത്തില്‍ എസ്ഐമാരായ രഞ്ചു, രാധാകൃഷ്ണന്, സിപിഒ ശ്യാം തുടങ്ങിയവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ പിടികൂടുന്നതിന് വ്യാപക റെയ്ഡ് തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.