ചേർത്തല: ചേർത്തലയിൽ പോലീസ് നടത്തിയ റെയ്ഡിൽ ഏഴരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി നാലുപേരെ പിടികൂടിയത് ഓപ്പറേഷൻ റെഡ്മാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക അന്വേഷണത്തിനിടെ. സ്കൂൾ, കോളേജ് പരിസരങ്ങളിലെ ലഹരിമരുന്ന് മാഫിയയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി കെ.എം ടോമി രൂപം കൊടുത്ത ഓപ്പറേഷൻ സ്ക്വാഡാണ് റെഡ്മാൻ.
ഷാഡോ പോലീസ് മാതൃകയിൽ ലഹരിമരുന്നു കേസുകൾ പിടിക്കലും ഇവയുടെ ഉറവിടങ്ങൾ കണ്ടെത്തി നിർമാർജനം ചെയ്യലുമാണ് ടീമിന്റെ ദൗത്യം. ഓപ്പറേഷൻ റെഡ്മാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക അന്വേഷണത്തിനിടയിൽ ചേർത്തല എഎസ്പി വിശ്വനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികളെ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അർത്തുങ്കൽ അരീപ്പറന്പ് ഭാഗത്തു നിന്ന് ഇന്നലെ നാളികേരം കയറ്റിവന്ന വാഹനമടക്കം പ്രതികളെ പിടികൂടിയത്. ആലപ്പുഴ സക്കറിയ വാർഡിൽ കൂവപ്പാടം വീട്ടിൽ സാദിഖ് (40), തിരുവന്പാടി കൊച്ചിക്കാരൻ വീട്ടിൽ മാർട്ടിൻ എന്ന ബർലിൻ (40), ആലപ്പുഴ നഗരസഭ 50-ാം വാർഡിൽ പൊക്കത്തുവെളിയിൽ ഷെബീർ (32), ആലപ്പുഴ സ്റ്റേഡിയം വാർഡിൽ പാണ്ട്യാലയ്ക്കൽ വീട്ടിൽ നിസാർ (50) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സാദിഖ്, മാർട്ടിൻ, നിസാർ എന്നിവർ ഹാൻസിന്റെ ചില്ലറ വില്പനക്കാരാണ്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ പ്രധാനിയും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ ചില്ലറ വില്പനക്കാർക്ക് ഹാൻസ് എത്തിച്ചുകൊടുക്കുന്ന മൊത്തകച്ചവടക്കാരനായ ഷെബീറിനെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്വന്തമായി ഒരു പിക്ക് അപ്പ് വാനുള്ള ഷെബീർ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ചെന്ന് നാളികേരം, പച്ചക്കറി എന്നിവ വാങ്ങുകയും അത് കേരളത്തിലേക്ക് വില്പനക്കായി കൊണ്ടുവരുന്നുവെന്ന വ്യാജേന ഇവയുടെ അടിയിൽ ചാക്കുകളിൽ ഹാൻസ് ഒളിച്ചുകടത്തുകയുമായിരുന്നു ചെയ്തിരുന്നത്.
തമിഴ്നാട്ടിൽ ഒരു പാക്കറ്റ് ഹാൻസിന് അഞ്ചുരൂപ മാത്രമുള്ളപ്പോൾ അത് കേരളത്തിലെത്തിച്ച് ഒരുപാക്കറ്റിന് അന്പതു രൂപ മുതൽ എണ്പതുരൂപ വരെ വില ഈടാക്കുമായിരുന്നു. ഇവരുടെ പ്രധാന വിപണി സ്കൂൾകോളേജ് പരിസരങ്ങളായിരുന്നു. അർത്തുങ്കൽ പോലീസ് എസ്ഐ എ.ബി വിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നത്. അന്വേഷണസംഘത്തിൽ സിപിഒ മാരായ സേവ്യർ, ഗിരീഷ്, അനൂപ്, പ്രവീഷ്, മനോജ് കൃഷ്ണൻ, ജിതിൻ, രജീഷ്, സൈബർ സെൽ എഎസ്ഐ അജിത്ത് സിപിഒ മാരായ ബിജി, ആന്റണി എന്നിവരും ഉണ്ടായിരുന്നു.