കോഴഞ്ചേരി: മഹാപ്രളയത്തെത്തുടര്‍ന്ന് അടഞ്ഞ ഹാന്‍ടെക്സിന്റെ ഷോറൂം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുറന്നില്ല. പ്രവര്‍ത്തനമില്ലെങ്കിലും കടമുറിയുടെ വാടക കൃത്യം.
2018 ഓഗസ്റ്റ് 15നുണ്ടായ മഹാപ്രളയത്തിൽ ഷോപ്പിലെ തുണിത്തരങ്ങളും കംപ്യൂട്ടറുകളും അലമാരകളും ഒഴുക്കില്‍പെട്ട് നശിച്ചിരുന്നു. പ്രളയത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷോപ്പ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ല.
സംസ്ഥാന വ്യവസായവകുപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി വസ്ത്രാലയമായ ‘ഹാന്‍ടെക്സ്’ 1956 ലാണ് കോഴഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാനത്തെ ഹാന്‍ടെക്സ് ഷോപ്പുകളില്‍ ഏറ്റവും പഴക്കമേറിയതാണ് കോഴഞ്ചേരിയിലേത്. ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാതെ തന്നെ കെട്ടിടം ഉടമസ്ഥന് പ്രതിമാസ വാടക കൃത്യമായി ലഭിക്കുന്നുമുണ്ട്.
ഭീമമായ വാടക നല്കുമ്പോഴും ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായ വകുപ്പ് തയാറാകുന്നില്ല. രണ്ടു ജീവനക്കാരില്‍ ഉണ്ടായിരുന്നതില്‍ ഒരാളുടെ ജോലി നഷ്ടമായി.
ഒരു വര്‍ഷം 40 ലക്ഷം രൂപയുടെ വിറ്റുവരവാണ് കോഴഞ്ചേരി ഷോറൂമില്‍ നടന്നിരുന്നത്. ഷോറൂം അടഞ്ഞു കിടക്കുന്നതുമൂലവും സമീപപ്രദേശങ്ങളായ റാന്നി, കോന്നി എന്നിവിടങ്ങളിലെ ഷോപ്പുകള്‍കൂടി പൂട്ടിപ്പോയതോടെ ആവ ശ്യക്കാർ ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഓണക്കാലവും ആറന്മുള വള്ളസദ്യയും ക്രിസ്മസും ആകുമ്പോള്‍ കൈത്തറിവസ്ത്രങ്ങള്‍ വാങ്ങാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
ഉത്സവകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ക്രെഡിറ്റ് സംവിധാനവും ഇവിടെ ലഭ്യമായിരുന്നു.