ലക്നോ: ഹനുമാനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും മുറുകുന്നു. ഹനുമാൻ ജാട്ട് സമുദായക്കാരനാണെന്ന് ഉത്തർപ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായൺ. ഹനുമാൻ തന്റെ സമുദായക്കാരനാണ്. എല്ലാ പ്രശ്നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെ പോലെയാണ് ഹനുമാനെന്നും മന്ത്രി പറഞ്ഞു.
ഹനുമാൻ മുസ്ലിം ദൈവമാണെന്ന് ഉത്തർപ്രദേശ് നിമയനിർമാണ കൗൺസിൽ അംഗവും (എംഎൽസി) ബിജെപി നേതാവുമായ ബുകാൽ നവാബ് പറഞ്ഞതിനു പിന്നാലെയാണ് ചൗധരിയുടെ പ്രസ്താവന.
മുസ്ലിം പേരുകളോട് സാമ്യമുള്ളതാണ് ഹനുമാനെന്ന പേര്. അതിനാൽ ഹനുമാൻ മുസ്ലിം ആണെന്നാണ് ബുകാൽ നവാബിന്റെ വാദം. ഹനുമാൻ മുസ്ലിമാണെന്ന് താൻ വിശ്വസിക്കുന്നു. ഇസ്ലാമിലെ ആളുകളുടെ പേരിനോട് സാമ്യമുള്ളതാണ് ഹനുമാനെന്ന പേര്. റഹ്മാൻ, റംസാൻ, ഫർമാൻ, സീഷാൻ, ഖുർബാൻ തുടങ്ങിയ പേരുകളോട് ഹനുമാൻ എന്ന പേരിന് സാമ്യമുണ്ട്.
ഇത്തരം പേരുകൾ ഇസ്ലാമിൽ മാത്രമാണുള്ളത്. ഇവ ഹനുമാനിൽനിന്നാണ് ഉണ്ടായതെന്നും ബുകാൽ നവാബ് വിശദീകരിച്ചു.
ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വിവാദം ഉടലെടുത്തത്.