ലക്നോ: ഹനുമാനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊടുന്പിരിക്കൊള്ളുന്നതിനിടെ പുതിയ ട്വിസ്റ്റുമായി ബിജെപി നേതാവ്. ഹനുമാൻ മുസ്ലിം ദൈവമാണെന്ന് ഉത്തർപ്രദേശ് നിയമനിർമാണ കൗണ്‍സിൽ അംഗവും (എംഎൽസി) ബിജെപി നേതാവുമായ ബുകാൽ നവാബ്. മുസ്ലിം പേരുകളോട് സാമ്യമുള്ളതാണ് ഹനുമാനെന്ന പേര്. അതിനാൽ ഹനുമാൻ മുസ്ലിം ആണെന്നാണ് ബുകാൽ നവാബിന്റെ വാദം. എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഹനുമാൻ മുസ്ലിമാണെന്ന് താൻ വിശ്വസിക്കുന്നു. ഇസ്ലാമിലെ ആളുകളുടെ പേരിനോട് സാമ്യമുള്ളതാണ് ഹനുമാനെന്ന പേര്. റഹ്മാൻ, റംസാൻ, ഫർമാൻ, സീഷാൻ, ഖുർബാൻ തുടങ്ങിയ പേരുകളോട് ഹനുമാൻ എന്ന പേരിന് സാമ്യമുണ്ട്. ഇത്തരം പേരുകൾ ഇസ്ലാമിൽ മാത്രമാണുള്ളത്. ഇവ ഹനുമാനിൽനിന്നാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
ഹനുമാൻ ദളിത് ആണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടെയാണ് ഈ വിഷയത്തിൽ വിവാദം ആരംഭിച്ചത്. ഹനുമാൻ ദളിത് ആണെങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളുടെ അവകാശം കൈമാറണമെന്നും ഇത്തരം ക്ഷേത്രങ്ങളിൽ ദളിത് പൂജാരികളെ നിയമിക്കണമെന്നും ദളിത് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.