മലയാറ്റൂർ: പെരുന്പാവൂരിനു പിന്നാലെ മലയാറ്റൂരിലും ഹനുമാൻ കുരങ്ങ് എത്തി. ഇന്നലെ രാവിലെയാണ് കുരങ്ങിനെ പ്രദേശവാസികൾ കണ്ടത്.
മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോളനി കവല, തോട്ടുവ, മുപ്പേലിപ്പുറം ഭാഗങ്ങളിൽ ഇന്നലെ മുഴുവൻ കറങ്ങിനടക്കുകയായിരുന്നു കുരങ്ങ്.
നായ്ക്കൾ കുരച്ചു കൊണ്ട് അടുത്തേക്ക് ചെല്ലുന്നതിനാൽ കുരങ്ങ് ഒരു സ്ഥലത്തും നിൽക്കുന്നില്ല. വ്യാഴാഴ്ച പെരുന്പാവൂർ ആലാട്ടുചിറ പാണം കുഴി പ്രദേശത്ത് ഒരു ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുരങ്ങ് എത്തിയത്. തുടർന്ന് പാണംകുഴി, നെടുമ്പാറ, ആലാട്ടുചിറ പ്രദേശങ്ങളിലും കുരങ്ങെത്തി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗമാണ് ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്.
കാലടി സംസ്കൃത സർവകലാശാല കാന്പസിലും കാലടിയിലെ വിവിധ പ്രദേശങ്ങളിലും മാസങ്ങൾക്കു മുന്പും ഇത്തരം കുരങ്ങുകളെ കണ്ടെത്തിയിരുന്നു.