മുക്കം: റോഡ് നിർമാണം തടസപ്പെടുത്തുന്ന ഹനുമാൻ സേന പ്രവർത്തകനേയും ബന്ധുക്കളേയും, കരുതൽ തടങ്കലിലാക്കിയശേഷം പട്ടികജാതി കോളനിയിലേക്ക് റോഡ് നിർമിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ ഇടവഴിക്കടവിന് സമീപം പുതുക്കുടികുന്ന് കോളനിയിലേക്കുള്ള റോഡ് നിർമാണമാണ് നാട്ടുകാരും ഗ്രാമപ ഞ്ചായത്തും ചേർന്ന് നടത്തിയത്. ഹനുമാൻ സേന പ്രവർത്തകനും കോളനിവാസിയുമായ രാജേഷിനേയും ബന്ധുക്കളേയും പോലീസ് കരുതൽ തടങ്കലിലാക്കിയ ശേഷമാണ് മാസങ്ങളുടെ കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ട് പ്രദേശത്തുകാരുടെ റോഡെന്ന സ്വപ്നം പൂവണിഞ്ഞത്.
തങ്ങളുടെ ഇഷ്ടവും താത്പര്യവും പരിഗണിച്ചല്ല റോഡ് നിർമിക്കുന്നതെന്ന് ആരോപിച്ച് രാജേഷും കുടുംബവും നിരന്തരമായി നിർമാണം തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 31 ന് റോഡ് പ്രവൃത്തി ആരംഭിച്ചപ്പോൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് രാജേഷ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതേ തുടർന്ന് ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. പ്രശ്നം കാരണം അന്ന് പോലിസ് നിർദേശ പ്രകാരം റോഡ് നിർമാണം മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ പോലീസെത്തി മുൻകരുതൽ നിയമപ്രകാരം രാജേഷിനേയും അഞ്ച് ബന്ധുക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരും, പഞ്ചായത്ത് അധികൃതരും ചേർന്ന് റോഡ് നിർമിച്ചു. പുതുക്കുടിക്കുന്നിൽ 12 കുടുംബങ്ങളാണ് താമസിക്കുന്നത്. റോഡിനായി രണ്ട് വർഷം മുന്പാണ് ഇവർ സ്വന്തമായി സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയത്. സ്ഥലം വാങ്ങുന്നതിനോ, റോഡിനായി സ്ഥലം വിട്ടുനൽകുന്നതിനോ രാജേഷും കുടുംബവും സഹകരിച്ചില്ല.
എന്നാൽ റോഡ് നിർമാണത്തിനൊരുങ്ങിയതോടെ തങ്ങളുടെ സൗകര്യത്തിന് നിർമിക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി മുക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.