ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും അഴിഞ്ഞാട്ടം.
പൊതുജനങ്ങൾക്കായി സ്ഥാപിച്ചിരുന്ന രണ്ടു സെൻസറിംഗ് സാനിറ്റൈസർ മെഷീനുകൾ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തു.
ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയയും കളം നിറഞ്ഞതോടെയാണ് രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടി വന്നിരിക്കുന്നത്.
പൊതുമുതലും വ്യാപാര സ്ഥാപനങ്ങളുടെ വസ്തുക്കളുമടക്കം വിവിധ നാശനഷ്ടങ്ങളാണ് ഇവർ സൃഷ്ടിക്കുന്നത്. ഒരാഴ്ച മുന്പു സ്ഥാപിച്ച സെൻസറിംഗ് സാനിറ്റൈസർ മെഷീനുകൾ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണു തകർക്കപ്പെട്ടതെന്ന് സംശയിക്കുന്നു.
ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് 6,000രൂപ വിലമതിക്കുന്ന രണ്ടു സാനിറ്റൈസർ മെഷീനുകൾ സ്റ്റാൻഡിന്റെ ഇരുവശങ്ങളിലായി ഒരാഴ്ച മുന്പ് സ്ഥാപിച്ചത്.
ഇതിനു മുന്പും ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ട്. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കൈ കഴുകുന്നതിനായി വലിയ വാട്ടർ ടാങ്കും രണ്ടു സ്ഥലത്തായി സിങ്കുകളും സ്ഥാപിച്ചിരുന്നു.
മൂന്നു മാസം പിന്നിട്ടപ്പോഴേക്കും കൈ കഴുകുന്നതിനുള്ള സിങ്കുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സെൻസറിംഗ് സാനിറ്റൈസർ സ്ഥാപിച്ചത്.
രാത്രി കാലങ്ങളിൽ ഈ പ്രദേശത്തുള്ള സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിനായി പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ നടപടിയുണ്ടാകണമെന്നു യാത്രക്കാരും പ്രദേശത്തുള്ളവരും ആവശ്യപ്പെട്ടു.