മഞ്ചേശ്വരം: ഭര്‍ത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി വഴിയില്‍ തള്ളിയ യുവതിയും കാമുകനും അറസ്റ്റിൽ. സംസ്ഥാന അതിര്‍ത്തിക്കു സമീപം തലപ്പാടി ദേവീപുരയിലെ ഹോട്ടല്‍ തൊഴിലാളി ഹനുമന്തപ്പ (32) യുടെ മരണമാണ് കൊലപാതകമെന്നു തെളിഞ്ഞത്.
ഭാര്യ ഭാഗ്യശ്രീ (26), ഹനുമന്തപ്പയുടെ സുഹൃത്തായിരുന്ന കര്‍ണാടക സ്വദേശി അല്ലാ പാഷ (23) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ നവംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്നോടെയാണ് ഹനുമന്തപ്പയെ കുഞ്ചത്തൂര്‍പദവിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ സ്കൂട്ടറും തൊട്ടരികില്‍ മറിഞ്ഞുകിടന്നിരുന്നു. അപകടമരണമാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പോലീസിന്റെ പരിശോധനയില്‍ കഴുത്ത് ഞെരിച്ചതിന്റെയും പിടിവലി നടന്നതിന്റെയും ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അന്വേഷണം വഴിമാറിയത്.
തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഹനുമന്തപ്പയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി വഴിയില്‍ തള്ളിയതാണെന്ന് കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചതു മുതല്‍ സംശയനിഴലിലായിരുന്ന ഭാഗ്യശ്രീയെ പോലീസ് നാലുദിവസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തെങ്കിലും കൂസലേതുമില്ലാതെ കുറ്റം നിഷേധിക്കുകയായിരുന്നു.
ഇതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഭാഗ്യശ്രീയുടെ മൊബൈല്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് അല്ലാ പാഷയുമായുള്ള ബന്ധം തെളിഞ്ഞത്.
ഒടുവില്‍ യുവതി കുറ്റം സമ്മതിച്ചതിന് തൊട്ടുപിന്നാലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി കര്‍ണാടകയിലെ ഹൊന്നാവരയില്‍ നിന്ന് അല്ലാ പാഷയെയും പിടികൂടുകയായിരുന്നു.
അംഗപരിമിതനായ ഹനുമന്തപ്പ മംഗളൂരുവില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് തലപ്പാടിയില്‍ സ്വന്തമായി സ്ഥലം വാങ്ങി വീടുവച്ചത്.
ഭാര്യയും മൂന്നു മക്കളുമൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.ജെസിബി ഡ്രൈവറായി ജോലിചെയ്തിരുന്ന അല്ലാ പാഷയ്ക്ക് ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതായിരുന്നു. താമസസൗകര്യവും നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ ഇയാള്‍ക്ക് ഹനുമന്തപ്പ സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കിനല്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഭാഗ്യശ്രീയും അല്ലാ പാഷയും തമ്മില്‍ അടുക്കുന്നത്. ഇതേച്ചൊല്ലി ഹനുമന്തപ്പയും അല്ലാ പാഷയും തമ്മില്‍ വാക്ക് തര്‍ക്കവും ഉന്തും തള്ളും നടന്നിരുന്നതായും അല്ലാ പാഷയെ വീട്ടില്‍ വരുന്നതില്‍ നിന്നു വിലക്കിയിരുന്നതായും പരിസരവാസികളില്‍ നിന്നും വിവരം ലഭിച്ചിരുന്നു.
സംഭവം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മംഗളൂരുവില്‍ നിന്നു ഹോട്ടല്‍ ജോലി കഴിഞ്ഞെത്തിയ ഹനുമന്തപ്പ അല്ലാ പാഷ വീണ്ടും വീട്ടില്‍ എത്തിയതായി കണ്ടെത്തുകയും ഇരുവരും തമ്മില്‍ വീണ്ടും കൈയാങ്കളി നടക്കുകയും ചെയ്തു.
പിടിവലിക്കിടയില്‍ അല്ലാ പാഷയും ഭാഗ്യശ്രീയും ചേര്‍ന്ന് ഹനുമന്തപ്പയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പാഷയുടെ ബൈക്കില്‍ മൃതദേഹം കെട്ടിവച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ സ്കൂട്ടറില്‍ ഭാഗ്യശ്രീയും ഒപ്പമിറങ്ങി.
കുഞ്ചത്തൂര്‍പദവില്‍ റോഡരികില്‍ ചെങ്കല്ല് അട്ടിവച്ചിരുന്ന വിജനമായ സ്ഥലത്ത് മൃതദേഹം തള്ളുകയും ഭാഗ്യശ്രീ ഓടിച്ചുകൊണ്ടുവന്ന ഹനുമന്തപ്പയുടെ സ്കൂട്ടര്‍ തൊട്ടടുത്ത് മറിച്ചിടുകയും ചെയ്യുകയായിരുന്നു.
പിന്നീട് വീണ്ടും ഭാഗ്യശ്രീയെ വീട്ടിലെത്തിച്ച ശേഷം പാഷ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. മഞ്ചേശ്വരം സിഐ കെ.പി.ഷൈൻ, എഎസ്ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേസന്വേഷണം നടത്തിയത്.