കോട്ടയം: നാടും നാട്ടാരും ഇനി ഹാപ്പിയാകും. സ്ട്രസും മാനസിക സംഘർഷവും ഒഴിവാക്കി എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നതിനും മാനസിക ഉല്ലാസങ്ങളിൽ ഏർപ്പെടുന്നതിനുമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹാപ്പിനസ് പാർക്കുകൾ വരുന്നു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിനായി 50 സെന്റ് ഭൂമിയെങ്കിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കണ്ടെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
നിലവിലുള്ള പാർക്കുകളിൽ അധിക സംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് ഒരുക്കാം. മാലിന്യം തള്ളിയിരിക്കുന്ന പ്രദേശങ്ങൾ, ശ്മശാനത്തിനു സമീപമുള്ള ഭൂമി എന്നിവയ്ക്ക് മുൻ ഗണനനൽകണമെന്നു പറയുന്നുണ്ട്.
മാലിന്യ നിക്ഷേപത്തിനു പരിഹാരവും വെറുതേ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്താനും ഇതു വഴി ഉപകരിക്കും. പാർക്ക് സ്ഥാപിക്കുന്നതോടെ ഇങ്ങനെയുള്ള പ്രദേശങ്ങളുടെ രൂപം തന്നെ മാറും.
ഇരിപ്പിടങ്ങൾ, വിനോദോപാധികൾ, സെൽഫി കോർണർ, ലഘുഭക്ഷണങ്ങളും പാനിയങ്ങളും ലഭിക്കുന്ന വില്ലേജ് ഫുഡ് കോർണർ, മൊബൈൽ റീചാർജിംഗ് സെന്റർ, വൈഫൈ, ശുദ്ധജലം, ശുചിമുറികൾ, മാലിന്യനിർമാർജന സംവിധാനം, സേവ് ദ ഡേറ്റ്, പിറന്നാൾ ആഘോഷം എന്നിവയ്ക്കുള്ള സൗകര്യം എന്നിവയാണ് പാർക്കിൽ വേണ്ടത്.
ഭൂമി വാങ്ങുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്തിന്റെയും നഗരസഭയുടെയും തനതു ഫണ്ടിൽനിന്നും പണം കണ്ടെത്താമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ഇപ്പോൾ തന്നെ എല്ലാ നഗരസഭകളിലും മിക്ക പഞ്ചായത്തുകളിലും പാർക്കുകളുണ്ട്. ഇതു വിപുലപ്പെടുത്തിയാൽ മതിയാകും. അല്ലെങ്കിൽ ഹാപ്പിനസ് കോർണറുകൾ ഉണ്ടാക്കിയാൽ മതിയാകും.
മാലിന്യ സംസ്കരണം മേഖലയ്ക്കു മാറ്റിവയ്ക്കേണ്ട വിഹിതവും നഗരസഭകളിൽ അമൃത് പദ്ധതിയും ഇതിനായി പ്രയോജനപ്പെടുത്താമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നുണ്ട്.
സ്പോൺസർഷിപ്പ്, കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. പാർക്കുകൾ സ്ഥാപിക്കുന്നതിനൊപ്പം മാസത്തിലൊരു ദിവസം ഹാപ്പിനസ് ഡേയായും ആഘോഷിക്കണം.
തനത് കലാകാരന്മാർക്ക് ഈ ദിവസം പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. കൂടാതെ കുടുംബശ്രീയുമായി സഹകരിച്ച് നാടൻ ഭക്ഷ്യമേളയും നടത്തണമെന്നും നിർദേശമുണ്ട്.