ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സന്തോഷത്തിന്റെ അളവും അതുമായി ബന്ധപ്പെട്ട പട്ടികയും കഴിഞ്ഞ ദിവസം യുഎന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ സന്തോഷത്തിന്റെ അളവ് വളരെ താഴേയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. അതില്‍ തന്നെ ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന് പോലും ഇന്ത്യയേക്കാള്‍ വളരെ മുന്നിലാണ്. പാക്കിസ്ഥാന് 67 ാം സ്ഥാനത്തും ഇന്ത്യ 140 ാം സ്ഥാനത്തുമാണുള്ളത്.
ആകെ 156 രാജ്യങ്ങളുടെ കാര്യമാണ് റാങ്കിങ്ങില്‍ പരിശോധിച്ചത്. 16 രാജ്യങ്ങള്‍ മാത്രമേ ഇന്ത്യയ്ക്ക് പുറകിലുള്ളൂ എന്നത് ഭയാനകമായ കാര്യമാണ്. എന്തുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ ഇന്ത്യയെ അപേക്ഷിച്ച് ഇത്രമേല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് പാക്കിസ്ഥാന് ഇക്കാര്യത്തില്‍ 80ാം സ്ഥാനത്തും ഇന്ത്യ 122ാം സ്ഥാനത്തുമായിരുന്നുയ. പെര് കാപ്പിറ്റ ജി.ഡി.പി വളര്‍ച്ച പോലുള്ള ക്വാണ്ടിറ്റേറ്റീവ് ഡാറ്റയും സാമൂഹ്യ പിന്തുണ, ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണ തുടങ്ങിയ ഗുണപരമായ വിവരങ്ങളുമാണ് ദ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിനുവേണ്ടി പരിശോധിച്ചത്.
സന്തോഷത്തിന്റെ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കുമേല്‍ പാക്കിസ്ഥാന് നേടിയ മികച്ച ആധിപത്യം ചില മാര്‍ക്കറ്റ് നിരീക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. ജി.ഡി.പി വലിപ്പവും വളര്‍ച്ച, നാണയപ്പെരുപ്പ നിരക്ക് തുടങ്ങിയ അളവുകോലുകള്‍ പരിശോധിക്കുമ്പോള്‍ പാക്കിസ്ഥാനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്നാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ.
എല്ലാറ്റിനും പുറമേ സൈനിക അട്ടിമറി നടക്കാത്ത ഒരു ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. അപ്പോള്‍, സന്തോഷത്തിനുവേണ്ടി എന്തായിരിക്കും ഇന്ത്യക്കാരേക്കാള്‍ കൂടുതലായി പാക്കിസ്ഥാനികള്‍ ചെയ്തത് എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.
അത് ചിലപ്പോള്‍ മറ്റ് അളവുകോലുകളായ, വരുമാന അസമത്വം, ദാരിദ്ര്യം തുടങ്ങിയവയാവാം എന്നാണ് എല്‍.ഐ.യു പോസ്റ്റിലെ ഇക്ണോമിക്സ് പ്രഫസര്‍ ഉദയന്‍ റോയ് പറയുന്നത്. ‘ജനങ്ങളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പെര്‍കാപ്പിറ്റ ജി.ഡി.പിയേക്കാള്‍ സ്വാധീനിക്കുക ഇവയൊക്കെയാണ്’ അദ്ദേഹം വിശദീകരിക്കുന്നു.
യഥാര്‍ത്ഥത്തില്‍, ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്തതാണ് കാര്യം. 2014നുശേഷം ഇന്ത്യയുടെ വരുമാനത്തില്‍ 7 മുതല്‍ 22% വരെ വര്‍ധനവുണ്ടായത് 1% വരുന്ന ഇന്ത്യയിലെ സമ്പന്നരുടെ കയ്യിലാണ്. താഴേക്കിടയിലുള്ള 50% സമ്പാദകരുടെ വരുമാനത്തിലെ പങ്ക് 1980ല്‍ 23% ആയിരുന്നത് 2014ലേക്ക് 15% ആയി കുറഞ്ഞു.
ഇതിനു പുറമേ ഇന്ത്യയിലെ വരുമാന അസമത്വം പാക്കിസ്ഥാനേക്കാളും ബംഗ്ലാദേശിനേക്കാളും വളരെ കൂടുതലാണെന്നാണ് ഗിനി കോഫിഷന്റ് ഓഫ് ഇന്‍കം ഇനീക്വാലിറ്റി കണ്ടെത്തിയത്. കൂടാതെ, പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും അപേക്ഷിച്ച് ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് വളരെ കൂടുതലാണെന്നാണ് ലോകബാങ്ക് കണക്ക്. അതുപോലെ തന്നെ കൂലി ലഭിക്കാത്ത കുടുംബജോലികള്‍ പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതലാണ്.
ചുരുക്കി പറഞ്ഞാല്‍, സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ വളരെ മുമ്പിലാണ്. ഇത് പാക്കിസ്ഥാനികള്‍ സന്തോഷത്തിനുവേണ്ടി ചിലവഴിക്കുകയും ചെയ്യുന്നു.