തൃശൂർ: ഒരു മാസം നീണ്ടുനിൽക്കുന്ന രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനു വേദിയാകാനൊരുങ്ങി തൃശൂർ നഗരം.
കോർപറേഷൻ, ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സംഘടനകൾ എന്നിവർ സംയുക്തമായാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് ഹാപ്പി ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ.
കിഴക്കേക്കോട്ട, ശക്തൻമാർക്കറ്റ്, കൊക്കാലെ, വഞ്ചിക്കുളം, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ അതിർത്തികൾക്കിടയിലൊരുക്കുന്ന വൻ വ്യാപാര ശൃഖല വൈകീട്ട് ആറു മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഷോപ്പിംഗിനു പുറമേ കലാകായിക മത്സരങ്ങൾ, സംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും.
കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക്, വിവിധ ഓഫറുകൾ, നറുക്കെടുപ്പ് തുടങ്ങിയവ ഷോപ്പിംഗ് ഫെസ്റ്റിനെ ആകർഷകമാക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാപാര കേന്ദ്രങ്ങളിൽനിന്ന് നൈറ്റ് ഷോപ്പിംഗിനെത്തുന്നവർക്ക് രാത്രി സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തും. ശക്തനിൽ എക്സ്പോയും ഫ്ളവർഷോയും സംഘടിപ്പിക്കും.
വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മേയർ അജിത വിജയൻ, ജനറൽ കണ്‍വീനർ ടി.എസ്. പട്ടാഭിരാമൻ, ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.ആർ. വിജയകുമാർ, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, വ്യാപാരി വ്യവസായ സമിതി ജില്ലാ ട്രഷറർ ജോർജ് കുറ്റിച്ചാക്കു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.