ഫിഫ ദ ബെസ്റ്റ്
ഈ വർഷത്തെ ഏറ്റവും ആകർഷകവും ആദ്യത്തേതുമായ പുരസ്കാര പ്രഖ്യാപനമാണ് ഫിഫ ദ ബെസ്റ്റ്. 2023 വർഷത്തിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഈ മാസം 15ന് ലണ്ടനിൽ പ്രഖ്യാപിക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിംഗ് ഹാലണ്ട്, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്വദേശിതാരം കിലിയൻ എംബപ്പെ, അമേരിക്കൻ മേജർ ലീഗ് ക്ലബ്ബായ ഇന്റർ മയാമി താരം അർജന്റീനയുടെ ലയണൽ മെസി എന്നിവരാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനുള്ള അവസാന മൂന്ന് അംഗ പട്ടികയിലുള്ളത്.
വനിതാ വിഭാഗത്തിൽ സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി, ജെന്നി ഹെർമോസോ, കൊളംബിയയുടെ ലിൻഡ കൈസെഡോ എന്നിവരാണ് അവസാന മൂന്നിലുള്ളത്.
ഏഷ്യൻ കപ്പ്
ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ജനുവരി 12 മുതൽ ഫെബ്രുവരി 10വരെ ഖത്തറിൽ അരങ്ങേറും. ഫിഫ 2022 ലോകകപ്പിനുശേഷം ഖത്തർ വേദിയാകുന്ന സുപ്രധാന ടൂർണമെന്റാണിത്. സുനിൽ ഛേത്രിയുടെ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഇന്ത്യക്ക് ഒപ്പമുള്ളത്. ജനുവരി 13ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ഉസ്ബക്കിസ്ഥാനെയും 23ന് സിറിയയെയും ഇന്ത്യ നേരിടും.
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്
ആഫ്രിക്കൻ ഫുട്ബോൾ കിരീടത്തിനായുള്ള കപ്പ് ഓഫ് നേഷൻസ് പോരാട്ടം ഈ മാസം 13 മുതൽ ഫെബ്രുവരി 11വരെ ഐവറികോസ്റ്റിൽ അരങ്ങേറും. സാദിയൊ മാനെ നയിക്കുന്ന സെനഗലാണ് നിലവിലെ ചാന്പ്യന്മാർ. മുഹമ്മദ് സല, വിൻസെന്റ് അബൂബക്കർ, ആന്ദ്രെ ഒനാന തുടങ്ങിയ മുൻനിര താരങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്റാണിത്. ഈജിപ്ത്, കാമറൂണ്‍ ടീമുകളാണ് കിരീടം നിലനിർത്താനുള്ള സെനഗലിന്റെ സ്വപ്നത്തിന് വെല്ലുവിളി സൃഷ്ടിക്കുക.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്
വിരാട് കോഹ്ലി അടക്കം ലോക ക്രിക്കറ്റിലേക്ക് ഉയർന്നുവന്ന വേദിയായ അണ്ടർ 19 ഐസിസി ഏകദിന ലോകകപ്പ് ഈ മാസം ആരംഭിക്കും. ജനുവരി 19 മുതൽ ഫെബ്രുവരി 11വരെ ദക്ഷിണാഫ്രിക്കയിലാണ് 2024 അണ്ടർ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയാണ് നിലവിലെ ചാന്പ്യന്മാർ. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു 2022ൽ ഇന്ത്യ കപ്പുയർത്തിയത്. ഇന്ത്യയുടെ അഞ്ചാം കിരീടമായിരുന്നു.
ഐപിഎൽ ട്വന്റി-20
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷൻ മാർച്ച്-മേയ് മാസങ്ങളിൽ അരങ്ങേറും. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ തീയതിയിൽ മാറ്റംവരാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സൂചന അനുസരിച്ച് മാർച്ച് 29 മുതൽ മേയ് 26വരെയാണ് 17-ാം സീസണ് ഐപിഎൽ. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് നിലവിലെ ചാന്പ്യന്മാർ.
ട്വന്റി-20 ലോകകപ്പ്
2023ൽ പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റായിരുന്നെങ്കിൽ ഈ വർഷം ഐസിസി ട്വന്റി-20 ലോക പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. ജൂണ്‍ നാല് മുതൽ 30വരെ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ടൂർണമെന്റ് അരങ്ങേറുക. ഇതാദ്യമായാണ് നോർത്ത് അമേരിക്കയിൽ ഒരു ഐസിസി ടൂർണമെന്റ് നടക്കുന്നത്. ഇംഗ്ലണ്ടാണ് ട്വന്റി-20 ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാർ. ഫൈനലിൽ പാക്കിസ്ഥാനെയായിരുന്നു ഇംഗ്ലണ്ട് കീഴടക്കിയത്.
അണ്ടർ 17 വനിതാ ലോകകപ്പ്
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനും ഈ വർഷം സാക്ഷ്യംവഹിക്കും. ഒക്ടോബർ 16 മുതൽ നവംബർ മൂന്ന് വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ഫിഫ 2024 അണ്ടർ 17 വനിതാ ലോകകപ്പ്. 2022ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് സ്പെയിനാണ് സ്വന്തമാക്കിയത്. ഫൈനലിൽ 1-0ന് കൊളംബിയയെ കീഴടക്കിയായിരുന്നു സ്പെയിനിന്റെ ലോക കിരീടനേട്ടം.
ജോക്കോവിച്ച് 25!
പതിവുപോലെ 2024ലും നാല് ഗ്രാൻസ്ലാം പോരാട്ടങ്ങൾ അരങ്ങേറും. ഓസ്ട്രേലിയൻ ഓപ്പണ്‍ (ജനുവരി 14-28), ഫ്രഞ്ച് ഓപ്പണ്‍ (മേയ് 20-ജൂണ്‍ 9), വിംബിൾഡണ്‍ (ജൂലൈ 1-14), യുഎസ് ഓപ്പണ്‍ (ഓഗസ്റ്റ് 26-സെപ്റ്റംബർ 8) എന്നിവയാണ് അവ. സെർബിയൻ പുരുഷ സിംഗിൾസ് സൂപ്പർ താരമായ നൊവാക് ജോക്കോവിച്ച് ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും ഈ വർഷം സ്വന്തമാക്കിയാൽ അത് ചരിത്രമാകും. കാരണം, 25 ഗ്രാൻസ്ലാം സിംഗിൾസ് കിരീടമുള്ള ലോകത്തിലെ ആദ്യതാരമായി ജോക്കോവിച്ച് അതോടെ മാറും.
ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്നതിൽ (24) ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പം റിക്കാർഡ് പങ്കിടുകയാണ് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ ജയത്തോടെയാണ് 24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ 50 വർഷം പഴക്കമുള്ള റിക്കാർഡിനൊപ്പം ജോക്കോവിച്ച് എത്തിയത്. 2023ൽ ഓസ്ട്രേലിയൻ, ഫ്രഞ്ച്, യുഎസ് എന്നിങ്ങനെ മൂന്ന് ഗ്രാൻസ്ലാം കിരീടങ്ങൾ ജോക്കോ സ്വന്തമാക്കിയിരുന്നു.
മെസി 109
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ എന്നതിൽ ഇറാൻ മുൻതാരം അലി ദേയിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാൻ അർജന്റൈൻ താരം ലയണൽ മെസിക്ക് ഇനി വേണ്ടിയത് മൂന്ന് ഗോൾ മാത്രം. 106 ഗോളുമായി മൂന്നാം സ്ഥാനത്താണ് മെസി. 108 ഗോളാണ് അലി ദേയിക്ക്. 205 മത്സരങ്ങളിൽ 128 ഗോളുള്ള പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. 93 ഗോളുമായി ലോക ഗോൾവേട്ടയിൽ നാലാമത് ഇന്ത്യയുടെ സുനിൽ ഛേത്രിയുണ്ട്.
യുവേഫ യൂറോ
യുവേഫ യൂറോ കപ്പാണ് ഈ വർഷത്തെ ഏറ്റവും ഗ്ലാമർ ഫുട്ബോൾ പോരാട്ടം. യൂറോ കപ്പിന്റെ 17-ാം എഡിഷനാണ് ഇത്തവണത്തേത്. ജൂണ്‍ 14 മുതൽ ജൂലൈ 14വരെ ജർമനിയിലാണ് 2024 യൂറോ കപ്പ് അരങ്ങേറുക. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ, റോബർട്ട് ലെവൻഡോവ്സ്കി, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയവരെല്ലാം യൂറോ കപ്പിൽ തങ്ങളുടെ രാജ്യങ്ങൾക്കുവേണ്ടി അണിനിരക്കും. ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിലൂടെയായിരുന്നു ഇറ്റലി കീഴടക്കിയത്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.
കോപ്പ അമേരിക്ക
സുന്ദര ഫുട്ബോളിന്റെ ഉപജ്ഞാതാക്കളായ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കിരീട പോരാട്ടവും ഈ വർഷം നടക്കും. 2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പ് ജൂണ്‍ 20 മുതൽ ജൂലൈ 14വരെ. അമേരിക്കയിലാണ് ഇത്തവണത്തെ കോപ്പ അമേരിക്ക. യുഎസ്എ ഇത് രണ്ടാം തവണയാണ് കോപ്പ അമേരിക്കയ്ക്ക് വേദിയാകുന്നത്. ലയണൽ മെസിയുടെ അർജന്റീനയാണ് നിലവിലെ ചാന്പ്യന്മാർ. 2021 കോപ്പ ഫൈനലിൽ ബ്രസീലിനെ കീഴടക്കിയായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. മെസിക്കും സംഘത്തിനും കോപ്പ അമേരിക്ക നിലനിർത്താൻ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. ഒരുപക്ഷേ, മെസിയുടെ അവസാന കോപ്പ ചാന്പ്യൻഷിപ്പായിരിക്കാം ഇത്തവണത്തേത്.