സോള്‍: കൊറിയയില്‍ സമാധാനം പൂക്കുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇനുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക.ദക്ഷിണ കൊറിയയില്‍നിന്നും യുഎസില്‍നിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. ആണവ പരീക്ഷണ കേന്ദ്രം മേയ് മാസത്തില്‍ അടച്ചുപൂട്ടാമെന്നാണ് ഉത്തര കൊറിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടച്ച് പൂട്ടുന്ന ചടങ്ങ് പരസ്യമായിരിക്കും. ദക്ഷിണ കൊറിയയില്‍നിന്നും യു.എസില്‍ നിന്നുമുള്ള വിദേശ വിദഗ്ദ്ധരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുമെന്നും ദക്ഷിണ കൊറിയ വക്താവ് വ്യക്തമാക്കി.
നിലവില്‍ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോണ്‍. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായാണ് വിവരം. ആണവ പരീക്ഷണം നിറുത്തി വയ്ക്കുമെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഉത്തര കൊറിയ നിറുത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിന് ഇരു കൊറിയകളും ഒരു രാജ്യമായി ഇറങ്ങിയേക്കുമെന്നും വിവരമുണ്ട്.