കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിലെ ഇത്തവണത്തെ വരണാധികാരി ഹാപ്പിയാണെന്ന് ആരു പറഞ്ഞാലും സംശയിക്കേണ്ട. കാരണം, തെരഞ്ഞെടുപ്പ് ജോലിയിൽ മാത്രമല്ല എന്നും അദ്ദേഹം ഹാപ്പിയാണ്.
അല്പം കൂടി വിശദമാക്കി സസ്പെൻസ് പൊളിച്ചാൽ ഉഴവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ഹാപ്പി മാത്യുവാണ് ഇക്കുറി കടപ്ലാമറ്റത്ത് വരണാധികാരിയായി സേവനം നടത്തുന്നത്.
വരണാധികാരി ആരെന്ന് ചോദിക്കുന്പോൾ ഹാപ്പിയാണെന്ന മറുപടി ചെറിയ സംശങ്ങൾക്ക് പോലും ഇടയാക്കിയിട്ടുണ്ട്. പൊൻകുന്നം കിളിരൂപറന്പിൽ റിട്ട. അധ്യാപക ദന്പതികളുടെ ആദ്യകണ്മണിയെ അവർ വിളിച്ചത് ഹാപ്പിയെന്നാണ്. പിന്നീടൊരിക്കലും ഈ പേരു മാറിയില്ല.
വെള്ളായണി കാർഷിക കോളജിൽ നിന്ന് കൃഷിയിൽ ബിരുദാനന്തരബിരുദം നേടിയ ഹാപ്പി മലപ്പുറത്ത് കൃഷി ഓഫീസറായി സേവനം ആരംഭിച്ചു.
പത്തനംതിട്ടയിൽ ജില്ലയിലെ ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് നേടി. കോട്ടയത്ത് രണ്ടാംസ്ഥാനക്കാരനായി. കഴിഞ്ഞ ജനുവരി മുതൽ കോഴായിലുള്ള ഉഴവൂർ ബ്ലോക്ക്തല കൃഷി ഓഫീസിൽ എഡിഎ ആയതോടെയാണ് കടപ്ലാമറ്റത്ത് വരണാധികാരിയായത്.
കോട്ടയം ജില്ലാ ടൗണ്‍ പ്ലാനർ സുജ മത്തായിയാണ് ഭാര്യ. എംഡിയ്ക്ക് പഠിക്കുന്ന ഏബലും ബിടെക് പൂർത്തീകരിച്ച കെസിയയും മക്കളാണ്.
വോട്ടെണ്ണലും സത്യപ്രതിജ്ഞയും ഹാപ്പിയായി പൂർത്തീകരിക്കാനുള്ള തയാറെടുപ്പുകളിലാണ് ഈ വരണാധികാരി.