സ്വന്തം ലേഖകൻ
തലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി.
പെരുന്നാൾ തിരക്കിനിടയിൽ പ്രതി ഭീകരമായ രീതിയിൽ നഗരത്തിൽ വാഹനമോടിക്കുകയും അഫ്ലാഹ് ഫറാസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം 23 മീറ്റർ വലിച്ചിഴച്ച് കൊണ്ടു പോയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി. ശശീന്ദ്രനും ഫറാസിന്റെ മാതാവ് ഫാസിലക്കു വേണ്ടി അഡ്വ. കെ. വിശ്വനുമാണ് ഹാജരായത്. പ്രതി തന്റെ വാഹനം ടൗണിൽ നിർത്തി പെജേറോ കാറിൽ കയറി മനുഷ്യ ജീവന് പരിഗണന നൽകാതെയുള്ള ഡ്രൈവിംഗ് നടത്തി.
തെറ്റായ ദിശയിലാണ് അപകടം നടന്നത്. രക്ഷപെടാൻ വേണ്ടി നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി. നമ്പർ പ്ലേറ്റ് കണ്ടെത്തണം. തെളിവുകൾ ശേഖരിക്കണം. സംഭവത്തിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണം. സംഭവസമയത്ത് പ്രതി മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
ഇക്കാര്യങ്ങളെല്ലാം കണ്ടെത്താൻ പ്രതിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നും അതു കൊണ്ട് പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും അഡ്വ.കെ. വിശ്വൻ കോടതിയിൽ പറഞ്ഞു.
അപകട സമയത്തെ പെജേറോ കാറിന്റെ നമ്പർ പ്ലേറ്റ് ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൽ തുടർ വാദം കേൾക്കുന്നതിനായി കേസ് 24 ലേക്ക് മാറ്റി.
ഇതിനിടയിൽ കേസിലെ പ്രതി കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (19) കണ്ടെത്താൻ പോലീസ് കതിരൂർ അഞ്ചാം മൈലിലും കൂത്തുപറമ്പിലും റെയ്ഡ് നടത്തി. പ്രതിയുടെ സഹോദരിയുടെ വീട്ടിലും സഹോദരന്റെ ഭാര്യ വീട്ടിലുമാണ് സിഐ കെ. സനൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.
പ്രതിയെ ഒളിപ്പിച്ചിട്ടുള്ളത് കുയ്യാലിയിൽ താമസിക്കുന്ന ബന്ധുവാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാളോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. എന്നാൽ താൻ ചികിത്സയിലാണെന്നും ഹാജരാകാനാവില്ലെന്നും ഇയാൾ രേഖാമൂലം പോലീസിനെ അറിയിച്ചു.
രണ്ട് മൊബൈലുകളും ഓഫ് ചെയ്തിട്ടുള്ള പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നരഹത്യ നടന്ന് 25 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 20 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.