കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനില്നിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടിയുടെ പരാതിയില്‍ എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി.
വിമാന ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും. സംഭവസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് നെടുമ്പാശേരി പോലീസ്.
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് യുവനടി നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി നല്‍കിയത്.
വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കുറ്റാരോപിതനായ തൃശൂര്‍ സ്വദേശി ആന്റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.