കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കോട്ടയം കോരുത്തോട് നടുക്ക പെരിങ്കലം തർപ്പയിൽ വീട്ടിൽ അനൂപ് പി.ജോർജ് (27) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.
ന്യൂ ഡൽഹിയിലെ മഹിലാപൂർ എന്ന സ്ഥലത്ത് നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
ഓണ്‍ലൈൻ വിവാഹ സൈറ്റുകളിൽ കയറി അയാളുടെ പേര് രജിസ്റ്റർ ചെയ്ത് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെണ്‍കുട്ടികൾക്ക് മെസേജ് അയച്ചു വശത്താക്കുകയായിരുന്നു അനൂപിന്റെ രീതി.
അത്തരത്തിൽ പരിചയപ്പെട്ട മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയാണ് പരാതിക്കാരി. 27 വയസുള്ള യുവതി ശാദി.കോം എന്ന മാട്രിമോണിയൽ ഓണ്‍ലൈൻ സൈറ്റിൽ പേരു രജിസ്റ്റർ ചെയ്തിരുന്നു.
മുംബൈയിൽ താമസിച്ചിരുന്ന അനൂപ് പരാതിക്കാരിക്ക് മെസേജ് അയക്കുകയും തുടർന്ന് പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഇതേതുടർന്ന് ഇയാൾ പല പ്രാവശ്യമായി എട്ട് ലക്ഷത്തോളം രൂപ യുവതിയിൽ നിന്നും കൈപ്പറ്റുകയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
പിന്നീട് പരാതിക്കാരി ഫോണിൽ വിളിക്കുന്പോൾ ഫോണ്‍ എടുക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നും അറിഞ്ഞു.
ചതി മനസിലാക്കിയ പരാതിക്കാരി പോലീസിൽ പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.