കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായ മധ്യവയസ്കനെ ഇന്ന് ഉച്ചകഴിഞ്ഞ് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.
തിരുവല്ല സ്വദേശി സാബുവാണ് (49) കഴിഞ്ഞ ദിവസം രാത്രിയോടെ പിടിയിലായത്. ബസിലെ യാത്രക്കാർ ഇയാളെ തന്ത്രപൂർവം പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
ആയൂരിൽ നിന്ന് ബസിൽ കയറിയ സാബു പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തി ലൈംഗികാവയവം പുറത്തെടുത്താണ് പീഡനശ്രമം നടത്തിയത്.
ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചതോടെയാണ് സാബുവിനെ മറ്റ് യാത്രക്കാർ തടഞ്ഞുവച്ചത്. തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മെഡിക്കൽ വിദ്യാർഥിനിയുടെ മൊഴിയെടുത്ത പോലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡനശ്രമത്തിനുമാണ് സാബുവിന് എതിരെ കേസെടുത്തത്.
ബസിലെ മറ്റ് യാത്രക്കാരിൽ നിന്നും പോലീസ് സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ട്. തിരുവല്ല പോലീസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരേ മറ്റ് കേസുകൾ വല്ലതും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.