തലശേരി: കോളജിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ പട്ടാപ്പകൽ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം. അതിക്രമത്തെ സാഹസികമായി നേരിട്ട് പെൺകുട്ടി അവിടെ നിന്നു രക്ഷപ്പെട്ടു.
പിന്നീട് രണ്ടുതവണ ബോധരഹിതയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. അക്രമിയെ സഹപാഠികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടി കോളജിലേക്കു പോകാൻ ഇറങ്ങവെയാണ് അക്രമി പെൺകുട്ടിയെ കടന്നുപിടിച്ചത്.
വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അക്രമിയിൽ നിന്നും പെൺകുട്ടി രക്ഷ നേടിയത്.
സമീപത്തെ സിസിടിവി കാമറയിൽ നിന്നുമാണ് പ്രതിയെ സഹപാഠികൾ തിരിച്ചറിഞ്ഞതും പിന്തുടർന്ന് പിടികൂടിയതും. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ധർമടം പോലീസ് പറഞ്ഞു.