ഷൊർണൂർ: ട്രെയിനിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യാത്രക്കാരനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട അക്രമിയെ പിന്നീട് സിആർപിഎഫ് കസ്റ്റഡിയിലെടുത്തു.
പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് (44) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് സ്വദേശി സിയാദിനെ (33) സിആർപിഎഫിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷനിലെത്തിയ മരുസാഗർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ദേവദാസും സിയാദും. സ്ത്രീകളെ ശല്യം ചെയ്ത സിയാദിനെ ദേവദാസ് ചോദ്യം ചെയ്തു. ഇത് പിന്നീട് വാക്കുതർക്കത്തിലെത്തി.
ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ പുറത്തിറങ്ങിയ ദേവദാസിനെ ചില്ലുകുപ്പി പൊട്ടിച്ചശേഷം കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദേവദാസിന്റെ കണ്ണിനു സമീപമാണ് കുത്തേറ്റത്.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ സ്റ്റേഷനിൽവച്ചുതന്നെ സിആർപിഎഫ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ദേവദാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. മുഖത്തെ എല്ലിന് പൊട്ടലുള്ള ഇയാളെ പിന്നീട് പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. കുത്തിയ സിയാദിന്റെ കൈയ്ക്കും പരിക്കുണ്ട്.