ചെന്നൈ: പ്രായം കൂടും തോറും വീര്യമേറുന്ന വൈൻ പോലെയാണ് ഹർഭജൻ സിംഗും ഇമ്രാൻ താഹിറുമെന്ന് ഐപിഎൽ ട്വന്റി-20 ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ എം.എസ്. ധോണി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷമാണ് മുപ്പത്തേഴുകാരനായ ധോണി മുപ്പത്തെട്ടുകാരനായ ഹർഭജനെയും നാൽപ്പതുകാരനായ താഹിറിനെയും പ്രശംസിച്ചത്. ഏതു സമയത്തും ആശ്രയിക്കാൻ സാധിക്കുന്ന താരമാണ് താഹിറെന്നും ധോണി പറഞ്ഞു.
കോൽക്കത്തയ്ക്കെതിരേ ഹർഭജൻ നാല് ഓവറിൽ 15 റണ്‍സിന് രണ്ടും താഹിർ 21 രണ്‍സിന് രണ്ടും വിക്കറ്റ് വീഴ്ത്തി. 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറായിരുന്നു മാൻ ഓഫ് ദ മാച്ച്.
ഇവരുടെ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിൽ ചെന്നൈ കോൽക്കത്തയെ 20 ഓവറിൽ ഒന്‍പതിന് 108ൽ ഒതുക്കി. 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് നേടി ചെന്നൈ ജയത്തിലെത്തുകയും ചെയ്തു. ചെന്നൈയുടെ അഞ്ചാം ജയമാണിത്.