തുറവൂർ: സർക്കാരിന്റെ ജാഗ്രതാ നിേർദേശത്തെയും കടൽ ഇളക്കത്തെയും തുടർന്ന് മത്സ്യമേഖല സ്തംഭനത്തിൽ. തൊഴിലാളികൾ മത്സ്യബന്ധനത്തിനുപോയിട്ട് രണ്ടാഴ്ചയിൽ അധികമായി. മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് ലൈലാന്റ് വള്ളങ്ങളും മുറിവള്ളങ്ങളും കടലിൽ പോകാതായിട്ട് മാസങ്ങളായി. മറ്റു വരുമാനമാർഗം ഇല്ലാത്തതിനാൽ ചെറുവള്ളങ്ങളും ഡിങ്കി വള്ളങ്ങളും നീട്ടുവള്ളങ്ങളും ചെറിയ തോതിൽ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഇവർക്ക് ചെറിയ തോതിൽ മത്സ്യവും ലഭിക്കുന്നുണ്ട്.
വൻ തോതിൽ മത്സ്യലഭ്യത ഉണ്ടാകേണ്ട സമയത്ത് ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭവും, മത്സ്യബന്ധന നിരോധനവും തീരത്തെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭവും മത്സ്യ ബന്ധന നിയന്ത്രണവും മൂലം മത്സ്യതൊഴിലാളി സമൂഹത്തിലെ പുതുതലമുറ മറ്റു തൊഴിൽ മേഖല തേടിപ്പോകുകയാണ്.