കായംകുളം: ആയിരം കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തീരദേശ മേഖലകളിൽ നടക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ . കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് ആലിന്റെ മുക്ക് വാത്തിക്കുളം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 26.77 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
ജില്ലയിൽ മാത്രം 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിലെ റോഡുകളിൽ നടക്കുന്നത്.
കായംകുളം മണ്ഡലത്തിൽ മൂന്നും മാവേലിക്കരയിൽ രണ്ട് റോഡുകളും നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. മറ്റുള്ള റോഡുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത സാന്പത്തിക വർഷത്തിൽ കൂടുതൽ തുക ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിനായി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. വി. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്തംഗം സി. ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നികേഷ് തന്പി, ആർ. ഷൈലജ, എസ്. ജ്യോതികുമാർ, എൻ. അന്പിളി, ജി. രമേശ്കുമാർ, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ എസ്. ഗിരിജ, എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ശൈലജ, കോശി അലക്സ്, ബാലൻ, പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.