ചേറ്റുവ: ചേറ്റുവ ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് തീര സംരക്ഷണത്തിനായി കടൽഭിത്തി പണിയാൻ കിഫ് ബി യിൽ നിന്ന് 686 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ .തൃശൂർ ജില്ലയിലെ തീരദേശ മേഖലയുടെ ചിരകാലാഭിലാഷമായ ചേറ്റുവ ഫിഷിംഗ് ഹാർബർ കമ്മീഷൻ ചെയ്യുകയായിരുന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.40 മുതൽ 50 വർഷം വരെ ഹാർബർ പൂർത്തിയാക്കാൻ വേണ്ടി വരുന്ന കാലത്ത് ചേറ്റുവ ഹാർബർ പൂർത്തിയാക്കിയത് റിക്കാഡ് വേഗത്തിലാണെന്ന് മന്ത്രി അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ ജില്ലകളിലേയും കടൽതീരങ്ങളെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ പുതിയ ടെക്നിക് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ പണിയാൻ 149 കോടിയും എട്ടു ഹാർബറുകളുടെ പണി പൂർത്തിയാക്കാൻ 98 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ 2014 നു ശേഷം ഹാർബർ നിർമാണത്തിന് ഒരു പൈസ പോലും തരുന്നില്ലെന്നും കേരളത്തിലെ വിവിധ ഹാർബറുകളുടെ പണി പൂർത്തി യാക്കിയ വകയിൽ കേന്ദ്ര സർക്കാർ തരാനുള്ള 78 കോടി രൂപ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കിയെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്രം തരാനുള്ള 78 കോടി കിട്ടാൻ കേന്ദ്ര കൃഷിമന്ത്രി, സെക്രട്ടറി എന്നിവരെ പല തവണ കണ്ടിട്ടും കേന്ദ്ര സർക്കാർ അവഗണിക്കുകയാണ് മന്ത്രി കുറ്റപ്പെടുത്തി.കേന്ദ്രത്തിന്റെ സാഗർ മാലയിൽ കേരളത്തിന് ഹാർബറില്ല. 401 കോടി രൂപയുള്ള ഈ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാന്ധവത്തിനു വേണ്ടി തമിഴ്നാടിന് അനർഹമായി നൽകിയത് 200 കോടി രൂപയാണ്.
എന്നാൽ കേരളത്തിന് ഒന്നും തന്നില്ല മന്ത്രി മേഴ്സിക്കുട്ടിയമ്മ ചൂണ്ടികാട്ടി. .മത്സ്യതൊഴിലാളികളുടെ സമാശ്വാസ പദ്ധതി യിലേക്ക് ഒരു തൊഴിലാളിക്ക് പ്രതിവർഷം കേന്ദ്രം നൽകേണ്ട 1500 രൂപ പോലും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്ന് മന്ത്രി ആരോപിച്ചു.എം എൽ എ കെ.വി.അബ്ദുൾ ഖാദർ അധ്യക്ഷനായിരുന്നു. സി.എൻ.ജയദേവൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് ഡോ.എം.ആർ.സുഭാഷിണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് മഞ്ജുള അരുണൻ ഉൾപ്പടെ ജനപ്രതിനിധികൾ, വിവിധ മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അതേ സമയം യുഡിഎഫും ബി ജെ പിയും ബഹ്ഷക്കരിച്ചു.