ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ ഹർദീപ് സിംഗ് അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റ് മരിച്ചത്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ പൗരനാണ് കൊല്ലപ്പെട്ട ഹർദീപ് സിംഗ്.
ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് പുറത്താക്കിയ കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പുറത്താക്കൽ നടപടി കൂടുതൽ മോശമാക്കിയേക്കുമെന്നാണു സൂചന.
കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ് സിംഗ് നിജ്ജാർ. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്ദീപിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.