ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ ഏറ്റവും പുതിയ ചലഞ്ചിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചലഞ്ചിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിൽ ഏഴു ദിവസമാണ് ഇദ്ദേഹം ചെലവഴിച്ചത്. “ഏറ്റവും കഠിനമായ ഒന്ന്” എന്നാണ് ബീസ്റ്റ് ഈ ചലഞ്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പങ്കുവച്ച ഈ വീഡിയോയ്ക്ക് ഇതിനോടകം 76 ദശലക്ഷത്തിലധികം വ്യൂസ് നേടി.
ഡുബ്രോവ്നിക്കിന് സമീപത്തുള്ള വിജനമായ ക്രൊയേഷ്യൻ തീരദേശ നഗരമായ കുപാരിയിലാണ് ചലഞ്ച് ചിത്രീകരിച്ചത്. 1920-ൽ നിർമ്മിച്ചതാണ് ഏറ്റവും പഴക്കം ചെന്ന ഏഴ് തകർന്ന ഹോട്ടലുകൾ. 1991-ലെ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ഈ പട്ടണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
വെള്ളം, ഇൻസ്റ്റന്റ് ഫുഡ്, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയൊക്കെയായിട്ടാണ് മി. ബീസ്റ്റും സംഘവും ഇവിടെ എത്തിയത്. ആദ്യ ദിവസം തന്നെ കെട്ടിടത്തിൽ താവളം സ്ഥാപിച്ച സംഘം രാത്രിയിൽ കടുത്ത തണുപ്പ് അനുഭവിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് സംഘത്തിലെ രണ്ട് പേർ ഉണർന്നത്.
വെല്ലുവിളിയുടെ ഒരു ഘട്ടത്തിൽ വീഡിയോയിൽ കാണുന്നത് പോലെ, അവരുടെ ജലവിതരണത്തിന്റെ പകുതി നശിച്ചപ്പോൾ രണ്ട് അംഗങ്ങൾക്ക് നഗരം വിടേണ്ടി വന്നു. ശേഷിച്ച ദിവസം മി. ബീസ്റ്റും ഒരു സുഹൃത്തും കാമറ ചെയ്യുന്നവരും മാത്രമാണ് ഉണ്ടായിരുന്നത്. ഏകാന്തത കൈകാര്യം ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഭാഗമെന്നും ബീസ്റ്റ് പ്രസ്താവിച്ചു.
ഇതാദ്യമായല്ല അദ്ദേഹം ഇങ്ങനെ വെല്ലുവിളി നിറഞ്ഞ ചലഞ്ച് നടത്തുന്നത്. നവംബറിൽ, മിസ്റ്റർ ബീസ്റ്റിനെ ഏഴ് ദിവസം ഒരു ശവപ്പെട്ടിയിൽ അടച്ച് കുഴിച്ചിട്ടിരുന്നു.