ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2022 സീസണിൽ ക്യാപ്റ്റൻസിയിലെത്തിയ താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ ഈ മുൻ താരം ഐപിഎല്ലിൽ പുതുതായി അവതരിപ്പിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ്.
15-ാം സീസണ് ഐപിഎല്ലിൽ നായക അരങ്ങേറ്റം നടത്തിയ ഹാർദിക് മാന്യനായ ഒരു ക്യാപ്റ്റനാണോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. കളത്തിൽ സഹതാരങ്ങളോട് പരിധിവിട്ട് കയർത്തു സംസാരിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് ഹാർദിക്കിന്റെ ശീലമായതായി വിമർശനം ഉയർന്നിട്ടുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസി തലക്കനം കളത്തിൽ കണ്ടത്. സഹതാരം മുഹമ്മദ് ഷമിക്കെതിരായ ഹാർദിക്കിന്റെ മോശം പെരുമാറ്റത്തിനെതിരേ കടുത്ത വിമർശനം ഉയരുന്നു.
ഹാർദിക് പാണ്ഡ്യ രണ്ടാം സ്പെല്ലിനെത്തിയ 13-ാം ഓവറിലായിരുന്നു സംഭവം. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആ ഓവറിൽ ഹാർദിക്കിനെ തുടർച്ചയായി രണ്ടു തവണ സിക്സറിന് പറത്തി. ഓവറിലെ അവസാന പന്ത് നേരിട്ട രാഹുൽ ത്രിപാഠി അപ്പർ കട്ടിലൂടെ പന്ത് തേർഡ്മാൻ ബൗണ്ടറിയിലേക്ക് പറത്തി.
അവിടെ ഫീൽഡ് ചെയ്യുകയായിരുന്ന ഷമിക്ക് മുന്നോട്ട് ഡൈവ് ചെയ്താൽ ക്യാച്ച് എടുക്കാമായിരുന്നു. അതിനു ശ്രമിക്കാതെ ഷമി ബൗണ്ടറി തടഞ്ഞു. മോശം വാക്കുകൾ ഉപയോഗിച്ച് ഹാർദിക് ഷമിക്കെതിരേ അലറിവിളിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
പഞ്ചാബ് കിംഗ്സിനെതിരേ രാഹുൽ തെവാട്യ അവസാന രണ്ടു പന്ത് സിക്സർ പറത്തി ഗുജറാത്തിനെ ജയിപ്പിച്ച മത്സരത്തിലും ഹാർദിക് പരിധിവിട്ടിരുന്നു. അവസാന ഓവറിലെ ആദ്യപന്തിൽ ഡേവിഡ് മില്ലർ ക്ഷണിച്ചിട്ട് റണ്ണിനായി ഓടിയ ഹാർദിക് ഒൗട്ട് ആയി.
അതിൽ ക്ഷുഭിതനായ ഹാർദിക് മില്ലറിനെതിരേ തട്ടിക്കയറിയിട്ടാണ് മൈതാനംവിട്ടത്. തുടർച്ചയായ മൂന്ന് ജയത്തിനുശേഷം സണ്‍റൈസേഴ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് തോൽവി വഴങ്ങി. എട്ട് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സിന്റെ ജയം.