പൂന: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത മത്സരം നഷ്ടമായേക്കും. ഞായറാഴ്ച ധരംശാലയിലാണ് ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം.
പാണ്ഡ്യയോട് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിച്ചേരാൻ ബിസിസിഐ മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ താരത്തെ പരിശോധിക്കും.
വ്യാഴാഴ്ച ബംഗ്ലാദേശ് താരം തൻസിദ് ഹസന്റെ സ്ട്രെയ്റ്റ് ഡ്രൈവ് തടയാനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ബാൻഡേജ് ചുറ്റി കളി തുടർന്നെങ്കിലും വേദന അസഹനീയമായതോടെ താരത്തിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു.
തുടർന്ന് നടത്തിയ സ്കാനിംഗിൽ താരത്തിന് ഗുരുതര പരിക്കില്ലെന്നാണ് വ്യക്തമായത്. എങ്കിലും അടുത്ത മത്സരം നഷ്ടമാകാനാണ് സാധ്യത. ചികിത്സയ്ക്ക് ശേഷം 29ന് ലക്നോയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പായി പാണ്ഡ്യ ടീമിനൊപ്പം ചേരും.