ഗയാന: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണു വയ്പ്. അതേ ക്രിക്കറ്റിൽ സ്ളെഡ്ജിംഗ് (എതിർ കളിക്കാരനെ മാനസികമായി തകർക്കാനുള്ള വായ്ത്താരി) അനുവദനീയമാണുതാനും. ക്രീസിന്റെ മറുവശത്തുള്ള കളിക്കാരനെ ചേർത്തുപിടിക്കുക എന്നതു ക്രിക്കറ്റിന്റെ ബാലപാഠങ്ങളിലൊന്നാണ്.
എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തികഞ്ഞ പരാജയമാണെന്നും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വാലിൽക്കെട്ടാൻ കൊള്ളില്ലെന്നും വിമർശനമുയർന്നു. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മൂന്നാം ട്വന്റി-20യിൽ തിലക് വർമയ്ക്ക് അർധസെഞ്ചുറി നേടാനുള്ള അവസരം ഹാർദിക് പാണ്ഡ്യ ഇല്ലാതാക്കിയെന്നതാണു വിമർശനത്തിനാധാരം.
സംഭവം ഇങ്ങനെ
മൂന്നാം ട്വന്റി-20യിൽ വിൻഡീസ് മുന്നോട്ടുവച്ച 160 റണ്‍സ് എന്ന വിജയലക്ഷ്യം ഗംഭീരമായി ഇന്ത്യ പിന്തുടരുന്നു. അവസാന 32 പന്തിൽ ഇന്ത്യക്കു ജയിക്കാൻ വേണ്ടിയത് 12 റണ്‍സ്. തിലക് വർമ 32 പന്തിൽ 44 റണ്‍സുമായി ക്രീസിൽ.
താങ്കൾ ക്രീസിൽ തുടരണമെന്നും മത്സരം ഫിനിഷ് ചെയ്യണമെന്നുമായിരുന്നു ഹാർദിക് പാണ്ഡ്യ ആ സമയം തിലക് വർമയോടു പറഞ്ഞത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് തിലക് വർമ നേരിട്ട അഞ്ച് പന്തിൽ അഞ്ചു റണ്‍സ് നേടി. അതോടെ 37 പന്തിൽ 49 നോട്ടൗട്ടിൽ തിലക് വർമ.
എന്നാൽ, 17-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കു നൽകിയ വാഗ്ദാനം ലംഘിച്ച് സിക്സർ പറത്തി ഇന്ത്യയെ ഏഴു വിക്കറ്റ് ജയത്തിലെത്തിച്ചു. 15 പന്തിൽ 20 റണ്‍സുമായി ഹാർദിക്കും 37 പന്തിൽ 49 റണ്‍സുമായി തിലകും പുറത്താകാതെ നിന്നു. തിലക് വർമയെ അർധസെഞ്ചുറി തികയ്ക്കാൻ ഹാർദിക് അനുവദിച്ചില്ല എന്നതാണു കുറ്റം.
പരന്പരയിൽ ഇതുവരെ സ്ഥിരതയോടെ ബാറ്റ് ചെയ്ത ഏക ഇന്ത്യൻ താരം തിലക് വർമ (39, 51, 49*) മാത്രമാണ്. ഇന്ത്യക്കായി ആദ്യ മൂന്ന് ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ പട്ടികയിൽ രണ്ടാം സ്ഥാനത്തും തിലക് വർമ ഇതിനോടകം എത്തിയെന്നതും ശ്രദ്ധേയം.
ഇന്ത്യ x വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി-20 ശനിയാഴ്ചയാണ്. പരന്പരയിൽ വിൻഡീസ് 2-1ന് മുന്നിലാണിപ്പോൾ.
ധോണി ചെയ്തത്
ഹാർദിക് സെൽഫിഷാണെന്നു വിമർശിച്ച് ക്രിക്കറ്റ് ആരാധകർ രംഗത്തെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി-20യിൽ ഇന്ത്യ പരാജയപ്പെട്ടപ്പോഴും ഹാർദിക്കിനെതിരേ വിമർശകർ രംഗപ്രവേശം ചെയ്തിരുന്നു.
2014 ഐസിസി ട്വന്റി-20 ലോകകപ്പിൽ 19-ാം ഓവറിന്റെ അവസാന പന്ത് എം.എസ്. ധോണി ഡിഫെൻഡ് ചെയ്ത ശേഷം വിജയ റണ്‍ എടുക്കാൻ വിരാട് കോഹ്ലിയെ അനുവദിച്ചതാണ്, ഹാർദിക് സെൽഫിഷാണെന്ന് വിമർശകർ സമർഥിക്കാൻ ചൂണ്ടിക്കാണിച്ചത്. അന്ന് ധോണി ഒരു പന്തിൽ പൂജ്യത്തിനും കോഹ്ലി 44 പന്തിൽ 72നും പുറത്താകാതെ നിന്നു.
ദ്രാവിഡും രോഹിത്തും
ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയും രാഹുൽ ദ്രാവിഡും വിവാദമായ ഡിക്ലറേഷനിലൂടെ കളിക്കാർക്ക് സെഞ്ചുറി നിഷേധിച്ച് വിമർശനത്തിനു വിധേയരായിട്ടുണ്ട്.
2004ൽ പാക്കിസ്ഥാനെതിരായ മുൾട്ടാൻ ടെസ്റ്റിൽ സച്ചിൻ തെണ്ടുൽക്കർ 194 നോട്ടൗട്ടിൽ നിൽക്കുന്പോൾ, ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു.
2022ൽ ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിൽ രവീന്ദ്ര ജഡേജ 175 നോട്ടൗട്ടിൽ നിൽക്കുന്പോൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് രോഹിത് ശർമയും വിവാദത്തിലായിരുന്നു.