കോണ്ഗ്രസില് നിന്നും രാജിവച്ച ശേഷം പാര്ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഹാര്ദിക്ക് പട്ടേല്.
മുതിര്ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്ഗ്രസ് നേതാക്കള്ക്ക് താല്പര്യം ചിക്കന് സാന്വിച്ച് ഉറപ്പാക്കുന്നതിലാണെന്നുമാണ് ഹാര്ദിക് തുറന്നടിച്ചത്.
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കെതിരെയും ഹാര്ദിക് പട്ടേല് വിമര്ശനമുയര്ത്തി.
ഹാര്ദിക്കിന്റെ വാക്കുകള് ഇങ്ങനെ…ഞാന് മുതിര്ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള് അവരുടെ ശ്രദ്ധ ഫോണിലായിരുന്നു.
ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള് കേള്ക്കാന് താല്പര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിര്ന്ന നേതാക്കന്മാര്ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്ശിച്ച് അവര്ക്ക് ചിക്കന് സാന്വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല് താല്പര്യം.
നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു.
ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല് കോണ്ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല.
ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന് മാര്ഗരേഖ പോലുമില്ല. സര്ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്ക്കുന്നത് മാത്രമായി കോണ്ഗ്രസ് രാഷ്ട്രീയം.
രാഹുല് ഗാന്ധി ഗുജറാത്തിലെത്തിയപ്പോള് തിരക്കായതിനാല് എന്നെ പ്രത്യേകമായി കണ്ടില്ല. എന്നെ സഹായിക്കാന് ഡല്ഹിയില് ഗോഡ്ഫാദര്മാരില്ല. എന്റെ സ്വന്തം യോഗ്യതകള് മുന്നിര്ത്തി പ്രവര്ത്തിക്കേണ്ടതായുണ്ട്. ഹാര്ദിക് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് 2019ലാണ് ഹാര്ദിക് പട്ടേല് കോണ്ഗ്രസില് ചേര്ന്നത്. കോണ്ഗ്രസ് നേതാക്കള് തന്നെ മാറ്റിനിര്ത്തുകയാണെന്ന് അദ്ദേഹം മുന്പ് ആരോപിച്ചിരുന്നു.
രണ്ട് മാസമായി ബിജെപി നേതൃത്വവുമായി ഹാര്ദിക് പാട്ടേല് അടുപ്പത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില് ബിജെപിയില് ചേരുമെന്നാണ് സൂചന.
ഹാര്ദിക്കിനെ പാര്ട്ടിയില് പ്രവേശിപ്പിക്കുന്നതിന് ഗുജറാത്ത് ബിജെപി അനുമതി നല്കുമെന്നാണ് വിവരം.
രാഹുല് ഗാന്ധി ഗുജറാത്ത് സന്ദര്ശിച്ച് ഏതാനും ദിവസം പിന്നിടുമ്പോഴാണ് ഹാര്ദിക് പാര്ട്ടി വിട്ടതെന്നത് യാദൃശ്ചികമായി.