നവാസ് മേത്തർ
തലശേരി: കരിപ്പൂർ വിമാനദുരന്തത്തിൽ തലശേരി വടക്കുമ്പാട് ലക്ഷ്മി സദനത്തിൽ ഹരീന്ദ്രൻ (60) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. “അപകടമെന്ന് മനസ് മന്ത്രിച്ചപ്പോൾ ഞാൻ സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി. മുൻ സീറ്റിൽ പിടിമുറുക്കി…’
ഒരു പോറൽ പോലും ഏൽക്കാതെ പുതുജീവിതത്തിലേക്ക് നടന്നുകയറിയതിനെക്കുറിച്ച് പറയുന്പോഴും പ്രവാസിയായ ഹരീന്ദ്രനിൽ ഇന്നലെ രാത്രിയിലെ അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരി ഭർത്താവിനെ കാണാനാണ് ദുബായിയിൽ നിന്ന് വന്ദേഭാരത് വിമാനത്തിൽ ഹരീന്ദ്രൻ നാട്ടിലേക്ക് തിരിച്ചത്.
” 7.40 ന് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നുവെന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ നാട്ടിലെത്തിയ സന്തോഷത്തിൽ പല യാത്രക്കാരും സീറ്റ് ബെൽറ്റ് അഴിക്കുന്നുണ്ടായിരുന്നു.സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ ശബ്ദം മാറി.
എന്തോ അപകടം വരുന്നുവെന്ന തോന്നലിൽ ഞാൻ സീറ്റ് ബെൽട്ട് ഒന്നുകൂടി മുറുക്കി . പിന്നെ വലിയ ശബ്ദത്തോടെ എന്തൊക്കെയോ സംഭവിച്ചു… ഹരീന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒപ്പമാണ് രക്ഷാപ്രവർത്തകർ ഹരീന്ദ്രനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അപകടസ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർ ഹരീന്ദ്രനെ കൊണ്ടോട്ടിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കുംഎ.എൻ. ഷംസീർ എംഎൽഎയുടെ ആശ്വാസ വാക്കുകളുമായുള്ള ഫോൺ കോളുമെത്തിയിരുന്നു.
നാട്ടിലേക്ക് പുറപ്പെട്ട ഹരീന്ദ്രനെ കാത്തിരുന്ന സഹോദരൻ പ്രകാശൻ ടെലിവിഷനിലൂടെ അപകട വാർത്തയറിഞ്ഞ ഉടൻ തന്നെ ഫാോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടത്തിൽ ഹരീന്ദ്രന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു.
ഇതിനിടയിലാണ് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ തന്റെ നാട്ടിലെ ഹരീന്ദ്രൻ എന്നയാൾ അപകടത്തിൽപ്പെട്ട വിവരം എ.എൻ ഷംസീർ എംഎൽഎയെ അറിയിക്കുന്നത്. എംഎൽഎയുടെ നിർദേശപ്രകാരം പിഎ അർജുൻ കരിപ്പൂർ എയർപോർട്ട് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഹരീന്ദ്രനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി അറിഞ്ഞു.
ഉടൻ എംഎൽഎ കൊണ്ടോട്ടിയിലെ വ്യാപാരിയായ ജെയിസലിനെ ബന്ധപ്പെട്ടു. ജെയിസൽ ആശുപത്രിയിലെത്തി ഹരീന്ദ്രനെ നേരിട്ട് എംഎൽഎയുമായി ഫോണിൽ ബന്ധപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ജെയിസൽ ടാക്സി ഏർപ്പാട് ചെയ്ത് ഹരീന്ദ്രനെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പുലർച്ചെ മൂന്നോടെ ഹരീന്ദ്രൻ നാട്ടിലെത്തി. ആ സമയത്ത് തന്നെ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും എത്തിയിരുന്നു.
തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം തന്റെ പൂട്ടിക്കിടക്കുകയായിരുന്ന വീട്ടിൽ ക്വാറന്റൈനിലാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ദുബായ് ജബലല്ലിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയാണ് ഹരീന്ദ്രൻ . ഭാര്യ റോഷിയും മക്കളായ വൈഷ്ണവ്, അഭിനവ് എന്നിവർക്കൊപ്പം ദുബായ് ദേരയിലാണ് താമസം.