പാറശാല : പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഗ്രൂപ്പ് നീക്കം ചെയ്തു. വീഡിയോ വന്നതോടെ പ്രതിഷേധം വ്യാപകമായി.
പാറശാല എംഎൽഎ ആൻഡ് പീപ്പിൾ എന്നപേരിൽ മൂന്ന് മാസങ്ങൾക്കുമുന്പാണു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥർ ,മാധ്യമപ്രവർത്തകർ തുടങ്ങിയവരും പൊതുജനങ്ങളും അടങ്ങിയതാണ് ഗ്രൂപ്പ് .
നിരവധി സ്ത്രീകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉടൻതന്നെ ഗ്രൂപ്പ് അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നു വീഡിയോ ഡിലീറ്റ് ചെയ്യുവാൻ അഡ്മിൻ പാനൽ, പോസ്റ്റുചെയ്ത വ്യക്തിയോട് ഫോണിലൂടെ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് അതിനു സാധിച്ചില്ല.
ഇത് വിശദീകരിച്ചുകൊണ്ട് അദ്ദേഹം വോയിസ് സന്ദേശം അയച്ചതിനെ തുടർന്ന് അഡ്മിൻ പാനൽ ഗ്രൂപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. മണ്ഡലത്തിലെ പൊതുകാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ.
ആനാവൂരിലെ ഒരു സിപിഎം അംഗമാണ് വാട്സപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. എംഎൽഎ എന്ന നിലയിൽ ജനങ്ങളെ അറിയിക്കേണ്ട കാര്യം അറിയിക്കുവാൻ വേണ്ടിയാണ് ഗ്രൂപ്പ് തുടങ്ങിയതെന്നും അംഗങ്ങളുടെ വിവരങ്ങൾ അറിയില്ലെന്നും സംഭവം ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും സി. കെ . ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.