തൃശൂർ: പരിസ്ഥിതി സൗഹൃദം എന്നതു കേവലം വാക്കുകളിൽമാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നു തെളിയിക്കുകയാണു പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12 -ാം ക്ലാസ് വിദ്യാർഥി ജി. ഹരീഷ്.
ഉപയോഗശൂന്യമായ പത്രക്കടലാസുകളും പരിസ്ഥിതിസൗഹൃദ വാട്ടർ കളറുകളും കൈകൊണ്ട് തുന്നിയ തുണികളും ഉപയോഗിച്ച് ഗണേശവിഗ്രഹങ്ങൾ നിർമിക്കുകയാണ് ഈ മിടുക്കൻ.
ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മൂന്നടി ഉയരം വരുന്ന ഗണേശവിഗ്രഹം കോവിഡ് വൈറസിനെ ചവിട്ടിത്താഴ്ത്തി ഭൂമിയെ രക്ഷിച്ച് കൈയിൽ എടുത്തുനിൽക്കുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്.
സ്വന്തം വീട്ടിലെ പത്രക്കടലാസുകൾ ഒന്നുംതന്നെ ഹരീഷ് കളയാറില്ല. അടുത്ത വീടുകളിലേയും സ്ഥാപനങ്ങളിലേയും പത്രക്കെട്ടുകൾ ആവശ്യാനുസരണം ശേഖരിച്ചു ഗണേശവിഗ്രഹങ്ങളായി മാറ്റുകയാണ്.
പത്തു പത്രങ്ങളാണ് ഒരു വിഗ്രഹത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു കിലോയിൽതാഴെയാണു നിർമാണം കഴിഞ്ഞ ഗണേശവിഗ്രഹത്തിന്റെ ഭാരം.
വിഗ്രഹ നിർമാണത്തിനായി ഉപയോഗിക്കുന്ന തുണികൾ ഒരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ഉപയോഗിക്കാതെ കൈകൊണ്ട് തുന്നി തയാറാക്കുന്നവയാണ് ഇവ തമിഴ്നാട്ടിൽനിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്.
ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് കർണാടകയിൽനിന്നും മുംബൈയിൽ നിന്നുമെല്ലാം ആവശ്യക്കാർ ഹരീഷിനെ തേടിയെത്തി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്തിക സമാജിന്റെ ഗണേശോത്സവ ആഘോഷത്തിനു സമ്മാനമായി വിതരണം ചെയ്ത ഗണേ ശ വിഗ്രഹങ്ങൾ ഹരീഷിന്റെ കരവിരുതിൽ വിരിഞ്ഞതാണ്.
നിർമാണശേഷം സർക്കാർ പാഴ്സൽ സർവീസ് മുഖാന്തരമാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്.2018 മുതൽ വിഗ്രഹനിർമാണം തുടങ്ങിയ ഹരീഷിനെ തേടി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഹർവാർഡ് വേൾഡ് റിക്കാർഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. പ്രശസ്ത മൃദംഗവിദ്വാൻ തൃശൂർ എച്ച്. ഗണേഷിന്റെയും ജ്യോതി ഗണേഷിന്റെയും മകനാണ്.