അടുത്തിടെ മനസാക്ഷിയുള്ള മലയാളികളെ മുഴുവന്‍ വേദനിപ്പിച്ച കാര്യമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാള്‍ എന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയായ ഒരു വ്യക്തിയെ നടുറോഡില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ചത്. കണ്ണൂര്‍ ജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്നും ഒരു കുട്ടിയ്ക്ക് നാല് ലക്ഷം രൂപയാണ് ലഭിക്കുക എന്നും നാട്ടുകാര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
പ്രമുഖരടക്കം നിരവധിയാളുകള്‍ ഈ ക്രൂരതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും ഹാസ്യതാരവുമായ ഹരീഷ് കണാരന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. അവരും മനുഷ്യരാണെന്ന് പലപ്പോഴും നാം മറന്നുപോവുന്നുണ്ടെന്നും നമ്മുടെയിടയിലും പ്രവാസികളുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും ഹരീഷ് പറയുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇന്ന് ഏറ്റവും വേദനിച്ചത് ഈ നിരപരാധിയെ പേപ്പട്ടിയെപ്പോലെ തല്ലുന്ന വീഡിയോ കണ്ടപ്പോഴാണ്…അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊക്കെ ഹിന്ദി അറിയാമെന്ന ധാരണ ശരിയല്ലാ..അവര്‍ക്ക് ഹിന്ദി നമ്മളെപ്പോലെ തന്നെയാണു.. ഈ കൂടി നിന്നാ സാധുവിനെ ആക്രമിക്കുന്നവരില്‍ എത്രപേര്‍ക്ക് ഹിന്ദി അറിയാം?? പിന്നെയീ പരിഭാഷ ചെയ്ത ഹിന്ദി വാദ്യാരുടെ തര്‍ജ്ജമകാരണം ഈ സാധുവിന്ന് ജീവന്‍ തന്നെ നഷ്ടപ്പെടാതെ കിട്ടിയത് ഭാഗ്യം.. എത്ര കുട്ടികളെ തട്ടിക്കൊണ്ടുപോയീന്ന് ചോദിക്കുമ്പോള്‍ ഒറീസയില്‍ തനിക്കൊരു കുട്ടിയുണ്ടെന്നാണു അവന്‍ പറയുന്നത്..
കേരളത്തില്‍ നിന്ന് എത്രകുട്ടികള്‍ എന്ന ചോദ്യത്തിന്ന് കേരളത്തില്‍ കുട്ടികളില്ലെന്നും പറയുന്നുണ്ട്…എന്തോ വീഡിയോ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നീ..കുടുംബം പോറ്റാന്‍ നാടുവിടുന്ന, മലയാളികളുടെ എച്ചിലെടുക്കാന്‍ വിധിക്കപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ ഇങ്ങനെയൊക്കെ ആക്രമിക്കുമ്പോള്‍ പ്രവാസിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മളും മറ്റൊരു രാജ്യത്ത് അവിടെയുള്ളവരുടെ കണ്ണില്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിക്കാതിരിക്കപ്പെടെട്ടേ.. പിന്നീടീ ചെറുപ്പക്കാരനെ പോലിസെത്തി ചോദ്യം ചെയ്യലില്‍ നിരപരാധിയാണെന്നുകണ്ട് വെറുതേ വിട്ടൂ.